കൃഷ്ണഗിരിയില്‍ ജനവിധി തേടാൻ വീരപ്പന്റെ മകൾ

ചെന്നൈ:വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകൾ കൃഷ്ണഗിരിയിൽനിന്നും മത്സരിക്കും.അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ വിദ്യാറാണിയാണ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും ലോക്സഭയിലേക്ക് ജനവിധി തേടുക.

വീരപ്പൻ – മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിദ്യാറാണി.നാലുവർഷം മുൻപ് ബി.ജെ.പിയിൽ ചേർന്ന വിദ്യാറാണി, ദിവസങ്ങൾക്കു മുമ്പ് പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടനും സംവിധായകനുമായ സീമന്‍റെ നാം തമിഴർ കക്ഷിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്നത്.

കൃഷ്ണഗിരിയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ സജീവമായ സാമൂഹിക പ്രവർത്തകകൂടിയാണ് വിദ്യാറാണി. 2020ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന വിദ്യാറാണി ഒ.ബി.സി മോര്‍ച്ച വൈസ് പ്രസിഡന്‍റായിരുന്നു.പുതുച്ചേരി ഉൾപ്പെടെ 40 മണ്ഡലങ്ങളിൽ നാം തമിഴർ കക്ഷി മത്സരിക്കുന്നുണ്ട്.

നാം തമിഴർ കക്ഷിയുടെ 20 സ്ഥാനാർഥികളും സ്ത്രീകളാണ്. ഏപ്രില്‍ 19നാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ലോക്‌സഭാ തെരഞ്ഞെടുപ്പ്.കേരളം, തമിഴ്നാട്, കര്‍ണ്ണാടക വനമേഖലയെ ഒരുകാലത്ത് അടക്കിവാണ വീരപ്പന്‍ 128ഓളം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണക്ക്. 2004ലാണ് വീരപ്പനെ സ്പെഷ്യൽ ടാസ്ക് പൊലീസ് കൊലപ്പെടുത്തിയത്.