കൊച്ചി:സിഎംആര്‍എല്‍ മാസപ്പടി വിവാദത്തിൽ പിണറായി വിജയൻറെ മകൾ വീണ തൈക്കണ്ടിയെ എസ്എഫ്ഐഒ ഉടൻ ചോദ്യം ചെയ്യില്ല.സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ അന്വേഷണം വേഗത്തിലാക്കാനാണ് എസ്എഫ്ഐഒ നീക്കം. എക്സാലോജിക്കുമായി സംശയകരമായ ഇടപാടുകള്‍ നടത്തിയ സ്ഥാപനങ്ങളുടെ മേധാവിമാരെ എസ്എഫ്ഐഒ താമസിയാതെ ചോദ്യം ചെയ്യും.
എക്‌സാലോജിക്കിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷമാകും വീണയെ ചോദ്യം ചെയ്യുക.സാന്റാമോണിക്ക, ജെഡിടി ഇസ്ലാമിക്, അനന്തപുരി എഡ്യുക്കേഷന്‍ സൊസൈറ്റി, കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ പല സ്ഥാപനങ്ങളും ചെറുതും വലുതുമായ തുക എക്സാലോജിക്കിന് കൈമാറിയിട്ടുണ്ട്.
ഈ തുകയ്ക്ക് സേവനം ലഭിച്ചിട്ടുണ്ടോ എന്നാണ് എസ്എഫ്ഐഒ പ്രധാനമായും പരിശോധിക്കുന്നത്.12 സ്ഥാപനങ്ങളില്‍ നിന്നും ഇതിനോടകം സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഉള്‍പ്പടെ എസ്എഫ്ഐഒ ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. എക്സാലോജിക്കുമായി ബന്ധമുള്ള എട്ട് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് എസ്എഫ്ഐഒയ്ക്ക് നേരത്തെ കൈമാറിയിരുന്നു. ഈ സ്ഥാപനങ്ങളില്‍ നിന്നും രേഖകള്‍ ആവശ്യപ്പെട്ടിരുന്നു.
വിവാദ കരിമണല്‍ കമ്പനി എക്സാലോജിക്കിന് കൈമാറിയ തുക അഴിമതി പണമാണെന്ന് തെളിഞ്ഞാല്‍ അത് മുഖ്യമന്ത്രിക്കും കുരുക്കാകും. മുഖ്യമന്ത്രിയുടെ പദവി ഉപയോഗിച്ചാണ് വീണ സിഎംആര്‍ല്ലില്‍ നിന്നും പണം കൈപ്പറ്റിയതെന്നാണ് ആദായ നികുതി വകുപ്പ് ഇടക്കാല തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലായിരുന്നു അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറിയത്.