ആവശ്യമായ ചേരുവകൾ
അരിപ്പൊടി – 2 കപ്പ്
ഉപ്പ്– 1 ടീസ്പൂൺ
വെളിച്ചെണ്ണ– 2 ടീസ്പൂൺ
തിളച്ച വെള്ളം– 4 കപ്പ്
വറവിടാൻ
ഉള്ളി– 5 എണ്ണം (ചതച്ചത്)
മുളക്– 2 എണ്ണം (ചതച്ചത്)
കടുക്– 1 ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പപ്പടം– 3 എണ്ണം
എണ്ണ– പാകത്തിന്
തയാറാക്കുന്ന വിധം
പച്ചരി കുതിർത്തിപ്പൊടിച്ച് വറുത്തെടുത്ത പൊടിയാണ് സേവ തയാറാക്കാൻ ഉപയോഗിക്കുക. വെള്ളം നന്നായി തിളച്ചുവരുമ്പോൾ ഉപ്പും അൽപം വെളിച്ചെണ്ണയുമൊഴിച്ച് അരിപ്പൊടിയിലേക്ക് ഒഴിക്കുക. നന്നായി ഇളക്കി ഇടിയപ്പപ്പരുവത്തിൽ കുഴച്ചെടുക്കുക. സേവ നാഴിയിലേക്ക് (ഇടിയപ്പം പിഴിയുന്ന അച്ച്) മാവിട്ട് വാഴയിലയിലേക്ക് വട്ടത്തിൽ പിഴിഞ്ഞെടുക്കുക (ഇടിയപ്പത്തട്ടിൽ വെളിച്ചെണ്ണ പുരട്ടി ചുറ്റിയെടുക്കുകയും ചെയ്യാം).
ആവിയിൽവെച്ച് വേവിച്ചെടുക്കുക. ചൂട് പോയശേഷം സേവ കൈകൊണ്ട് ഞെരടി പൊടിക്കുക. പാനിൽ അൽപം എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ഉള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവ വഴറ്റുക. സേവ വറവിലേക്കിട്ട് ഇളക്കുക. പപ്പടം ചെറിയ കഷണങ്ങളാക്കി പൊരിച്ചെടുത്ത് സേവക്കു മുകളിലിട്ട് വിളമ്പാം. തേങ്ങ ചട്നിയോ സാമ്പാറോ ചേർത്ത് കഴിക്കാം.