തൃശ്ശൂർ:ആറാട്ടുപുഴയിൽ ഞായറാഴ്ച രാവിലെ പൂരത്തിനുശേഷം ആനയിടഞ്ഞു.ഇടഞ്ഞോടിയ ആനയെ അരമണിക്കൂർനേരം പണിപ്പെട്ടാണ് തളച്ചത്.പൂർത്തിനുശേഷത്തെ ആറാട്ടിന് പോകുമ്പോഴാണ് ആനയിടഞ്ഞത്.നിരവധിപേരാണ് ആർട്ടുപുഴ പൂരത്തിന് എത്താറുള്ളത്.
ആനയെ പെട്ടെന്ന് തളക്കാൻ കഴിഞ്ഞതിൽ വാൻ അപകടമാണ് ഒഴിവായത്.ഡ്രോൺ ഉപയോഗിച്ച് ആനയിടഞ്ഞതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവിനെ ആളുകൾ ചേർന്ന് മർദിച്ചു. തളിക്കുളം സ്വദേശിക്കാണ് മർദനമേറ്റത്. പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ പകർത്തുന്നതിനുവേണ്ടിയെത്തിയ സംഘത്തിലെ യുവാവിനാണ് മർദനമേറ്റത്.
അതേസമയം ശനിയാഴ്ച ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആനയിടഞ്ഞ് ഒട്ടേറെപ്പേർക്ക് പരിക്കേറ്റിരുന്നു. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെ ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂർ രവികൃഷ്ണനാണ് ഇടഞ്ഞത്.
പാപ്പാന്റെ നേർക്ക് തിരിഞ്ഞ രവികൃഷ്ണൻ പാപ്പാൻ ശ്രീകുമാറിനെ (53) മൂന്നു തവണ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാൻ പരിക്കുകളോടെ രക്ഷപ്പെട്ടു.ഈ ആന പിന്നീട് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയ പുതുപ്പള്ളി അർജുനൻ എന്ന ആനയെ കുത്തി.
ഇതോടെ രണ്ട് ആനകളും കൊമ്പുകോർക്കുന്ന സ്ഥിതിയായി. ഇതോടെ ആളുകൾ വിരണ്ടോടി. രണ്ട് ആനയുടെയും പുറത്തുണ്ടായിരുന്നവർ നിലത്തുവീണു. പേടിച്ചോടുന്നതിനിടെ വീണും മറ്റും ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.
കുത്തേറ്റ പുതുപ്പള്ളി അർജുനൻ ഓടിയതിന് പിന്നാലെ ഏതാണ്ട് ഒരു കിലോമീറ്ററോളം രവികൃഷ്ണനും ശാസ്താംകടവ് പാലം കടന്ന് ഓടി. ഈ സമയം പാലം നിറഞ്ഞ് ആളുകൾ നിൽക്കുന്നുണ്ടായിരുന്നെങ്കിലും ആനകൾ ആരെയും ആക്രമിച്ചില്ല. മുളങ്ങ് ഭാഗം എത്തും മുമ്പേ ഒരാനയെയും തൊട്ടിപ്പാൾ ഭാഗത്ത് മറ്റേ ആനയെയും എലിഫന്റ് സ്ക്വാഡ് തളച്ചു.