ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് മെഗാ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ആം ആദ്മി പാർട്ടി. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തെ വേട്ടയാടാൻ ബിജെപി ദുരുപയോഗം ചെയ്യുന്നെന്നാണ് എഎപിയുടെ ആരോപണം. ഷഹീദി പാർക്കിൽ മെഴുകുതിരി കത്തിച്ചു നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ എല്ലാ പാർട്ടി എംഎൽഎമാരും ഉദ്യോഗസ്ഥരും ഇന്ത്യ മുന്നണി പ്രതിനിധികളും പങ്കെടുക്കുമെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് അറിയിച്ചു. പ്രതിഷേധം മുന്നിൽ കണ്ട് ഷഹീദി പാർക്കിലേക്കുള്ള റോഡിൽ ഡൽഹി പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
‘‘രാഷ്ട്രീയ നേതാക്കളെ ഭയപ്പെടുത്താനും പ്രതിപക്ഷത്തെ ഇല്ലാതാക്കാനും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്. ജാർഖണ്ഡിലെ ഹേമന്ത് സോറനാകട്ടെ, ബിഹാറിലെ തേജസ്വി യാദവാകട്ടെ, എല്ലാവർക്കുമെതിരെ തെറ്റായ കേസുകൾ റജിസ്റ്റർ ചെയ്യുകയാണ്.’’ – ഗോപാൽ റായ് പറഞ്ഞു. അരവിന്ദ് കേജ്രിവാളിന്റെ കുടുംബത്തെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ഗോപാൽ റായ് ആരോപിച്ചു. എഎപി ആസ്ഥാനം കഴിഞ്ഞ ദിവസം സീൽ ചെയ്തിരുന്നു.
Important Press Conference by INDIA Alliance leaders on Delhi CM @ArvindKejriwal arrest | LIVE https://t.co/k1eu9dsqAa
— AAP (@AamAadmiParty) March 24, 2024
കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് അടുത്ത ഞായറാഴ്ച ഡൽഹി രാംലീല മൈതാനത്തേക്ക് മെഗാ മാർച്ച് നടത്തുമെന്ന് ഇന്ത്യ മുന്നണി അധികൃതരും അറിയിച്ചു. ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റിനെ പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുപോലെ അപലപിച്ചിരുന്നു. എഎപി നേതാക്കളുമായി സ്വരച്ചേർച്ചയിലല്ലാതിരുന്ന ഡൽഹിയിലെ കോൺഗ്രസ് നേതാക്കളും പ്രതിഷേധരംഗത്തുണ്ട്.
ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലിയും രംഗത്തുവന്നു. ‘‘ഇതാണോ ജനാധിപത്യം? തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെയാണ് നിങ്ങൾ അറസ്റ്റുചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും മുതിർന്ന പാർട്ടിയുടെ അക്കൗണ്ടുകൾ നിങ്ങൾ മരവിപ്പിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ദൗത്യത്തിലാണ് ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അതിൽ നിന്ന് പിൻവാങ്ങില്ല.’’ – അരവിന്ദർ പറഞ്ഞു.
#WATCH | Delhi Minister Atishi says, “INDIA alliance is organising a ‘Maha Rally’ in the Ramlila Maidan on 31 March. This is not being organised to save Arvind Kejriwal but to save the democracy. The opposition is facing one-sided attacks…” pic.twitter.com/vt85dI2DrP
— ANI (@ANI) March 24, 2024
കേജ്രിവാളിന്റെ അറസ്റ്റിനെതിരെ ഡൽഹിയിൽ പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. ‘ഞാനും കേജ്രിവാളാൾ’ എന്ന പ്ലക്കാർഡമായി ആം ആദ്മി പാർട്ടി പ്രവർത്തകർ ഐടിഒ ജംക്ഷനിലിറങ്ങിയിരുന്നു. പാർട്ടി പ്രവർത്തകർ ഇത്തവണ ഹോളി ആഘോഷിക്കില്ലെന്നും പറഞ്ഞു. ബിജെപിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ ഡൽഹി മന്ത്രിമാരായ അതിഷിയെയും സൗരഭ് ബരദ്വാജിനെയും നിരവധി പാർട്ടി പ്രവർത്തകരെയും പൊലീസ് തടഞ്ഞുവച്ചിരുന്നു.