കൊച്ചി: ഇലക്ട്രിക് വാഹനനിർമാണ രംഗത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പായ വാൻ ഇലക്ട്രിക് മോട്ടോ, കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ലബ്ബിന്റെ ഔദ്യോഗിക ഇ-മൊബിലിറ്റി പാർട്ണറായി. കായികരംഗത്തെ മികവുയർത്തുന്നതിനൊപ്പം സുസ്ഥിരഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണ് സഹകരണം.
ഇതിന്റെ ഭാഗമായി കമ്പനി പുറത്തിറക്കിയ പുതിയ മൗണ്ടൈൻ ബൈക്ക് മോഡലായ സ്റ്റെൽവിയോ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് അവതരിപ്പിച്ചു. സ്റ്റെൽവിയോയുടെ ഔദ്യോഗിക വീഡിയോ പ്രകാശനം ഇന്ത്യൻ പോർട്സ് ഗ്ലോബൽ എംഡി സുനിൽ മുകുന്ദൻ നിർവഹിച്ചു.
പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് “ബ്ലാസ്റ്റേഴ്‌സ് എഡിഷൻ” എന്ന പേരിൽ ലിമിറ്റഡ് എഡീഷൻ മൗണ്ടൈൻ ബൈക്കുകളും കമ്പനി അവതരിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സിലെ ജനപ്രിയ താരങ്ങളായ മിലോസ് ഡ്രിഞ്ചിക്, ഡാനിഷ് ഫാറൂഖ്, ഡായിസുകെ സകായി എന്നിവർ ചേർന്നാണ് ലിമിറ്റഡ് എഡീഷൻ ബൈക്കുകൾ അവതരിപ്പിച്ചത്.
ബ്ലാസ്റ്റേഴ്സ് എഡീഷൻ്റെ വീഡിയോ പ്രശസ്ത സിനിമാതാരം സംസ്കൃതി ഷേണായ് പ്രകാശനം ചെയ്തു. ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ചിനെ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായും പ്രഖ്യാപിച്ചു.സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റേയും അംഗീകാരമുള്ള സംരംഭമാണ് വാൻ ഇലക്ട്രിക് മോട്ടോ.
ലോകപ്രശസ്ത ഇറ്റാലിയൻ വാഹനനിർമാതാക്കളായ ബെനലിയുടെ ഇലക്ട്രിക് ബൈക്ക് വിഭാഗമാണ് ഇപ്പോൾ പുറത്തിറക്കുന്ന രണ്ട് സൈക്കിളുകളും നിർമിച്ചിട്ടുള്ളത്. സ്റ്റെൽവിയോക്ക് ജിഎസ്ടി ഉൾപ്പെടെ 94,500 രൂപയാണ് വില. ബ്ലാസ്റ്റേഴ്സിന്റെ ലിമിറ്റഡ് എഡീഷൻ ബൈക്കുകൾ 99,000 രൂപയ്ക്കും സ്വന്തമാക്കാം.
ഔദ്യോഗിക വെബ്‌സൈറ്റായ vaanmoto.com ൽ ബുക്കിങ് ആരംഭിച്ചു. ലോഞ്ച് ഓഫറായി തുടക്കത്തിൽ 5000 രൂപയുടെ ഡിസ്‌കൗണ്ടും സ്റ്റെൽവിയോ ബൈക്കുകൾക്ക് കമ്പനി നൽകുന്നുണ്ട്. കേരളത്തിന് പുറമെ ഉയർന്ന വില്പനസാധ്യതകളുള്ള മുംബൈ, ബെംഗളൂരു, ഗോവ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലും ബൈക്ക് ലഭ്യമാകും.
നവമാധ്യമങ്ങളിൽ ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി പങ്കാളിത്തമുണ്ടാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ ജിത്തു സുകുമാരൻ നായർ പ്രതികരിച്ചു.
കഴിവുള്ള ചെറുപ്പക്കാരെ കണ്ടെത്താനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളാണ് കമ്പനിയെ ഏറെ ആകർഷിച്ചത്. വാൻ മോട്ടോയും അതേ ലക്ഷ്യമാണ് പിന്തുടരുന്നത്. പ്രകൃതിസൗഹൃദഗതാഗത മാർഗങ്ങളുടെ അനന്തസാധ്യതകൾ തുറക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരവും പരിസ്ഥിതിസൗഹൃദപരവുമായ ആശയങ്ങളിലൂടെ ആരാധകരുമായി കൂടുതൽ ഇടപെടലുകൾ നടത്താനുള്ള ഒരു മാർഗമായിട്ടാണ് ഈ പങ്കാളിത്തത്തെ കാണുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് പറഞ്ഞു. ബെനലിയുടെ എഞ്ചിനീയറിംഗ് മികവ് പ്രകടമാക്കുന്ന സ്റ്റെൽവിയോ ബൈക്കുകൾ ഗ്രൗണ്ടിലും പുറത്തും ഒരുപോലെ ആവേശമുണ്ടാക്കുകയും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും.
ഈ പങ്കാളിത്തത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് വുക്കോമനോവിച്ച്.സ്റ്റെൽവിയോ ബൈക്കിൻ്റെ ആദ്യ വിൽപ്പന സെൻ്റർ സ്‌ക്വയർ മാൾ മാനേജർ മാത്യൂസിന് നൽകി നിർവഹിച്ചു.
എല്ലാവർക്കും താങ്ങാനാവുന്ന, പരിസ്ഥിതിസൗഹൃദപരവും സൗകര്യപ്രദവുമായ വാഹനമെന്ന നിലയിലാണ് സ്റ്റെൽവിയോ വേറിട്ടതാകുന്നത്. ഓഫ്‌റോഡ് സാഹസികതകൾ ഇഷ്ടപ്പെടുന്നവർക്ക് പ്രത്യേക പരിശീലനമോ ഉപകരണങ്ങളോ ഇല്ലാതെ തന്നെ യാത്ര ആസ്വദിക്കാനുള്ള അവസരമാണ് സ്റ്റെൽവിയോ നൽകുന്നത്.
ഏത് പ്രായക്കാർക്കും അനുയോജ്യമാണ് ഈ ബൈക്ക്. ഓഫ്‌റോഡ് ബൈക്കുകൾ ഓടിച്ച് പരിചയമില്ലാത്തവർക്കും വഴങ്ങുകയും ചെയ്യും. ഓഫ്‌റോഡ് ബൈക്കായിട്ടാണ് രൂപകല്പനയെങ്കിലും ദിനംപ്രതിയുള്ള ആവശ്യസഞ്ചാരങ്ങൾക്കും അനുയോജ്യമാണ് സ്റ്റെൽവിയോ. ആ യാത്രകൾ കൂടുതൽ കാര്യക്ഷമവും സുഖകരവുമാക്കുകയും ചെയ്യുന്നുണ്ട് സ്റ്റെൽവിയോ. പ്രകൃതിക്ക് കാര്യമായ ദോഷങ്ങളുണ്ടാക്കുന്നുമില്ല.
ഫ്രയിമിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഇളക്കിമാറ്റാവുന്ന ബാറ്ററിയാണ് ബൈക്കിന്റെ പ്രധാനപ്രത്യേകത. ഇത് ചാർജിങ് എളുപ്പമാക്കുകയും യാത്ര തടസങ്ങളില്ലാതെ തുടരാൻ സഹായിക്കുകയും ചെയ്യുന്നു. മൂന്നരമണിക്കൂർ ചാർജ് ചെയ്താൽ റോഡിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് 50 മുതൽ 70 കിലോമീറ്റർ വരെ യാത്രചെയ്യാം.
ഭാരം തീരെകുറവായതിനാൽ അനായാസം കൈകാര്യം ചെയ്യാനും സാധിക്കും. കഠിനാധ്വാനമില്ലാതെ ഓടിക്കാൻ സഹായിക്കുന്ന പെഡൽ അസിസ്റ്റ് മോഡ്, ആവശ്യമുള്ള സാഹചര്യങ്ങളിൽ ഉടൻ വേഗം കൂട്ടുന്നതിനുള്ള ത്രോട്ടിൽ മോഡ്, ഗിയർ ഉപയോഗിച്ച് സ്വയം ഓടിക്കാവുന്ന മാനുവൽ മോഡ് എന്നിങ്ങനെ ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാനും സാധിക്കും.
3.2 ഇഞ്ച് വലിപ്പമുള്ള എൽസിഡി ഡിസ്പ്ളേയാണ് മുന്നിൽ നൽകിയിട്ടുള്ളത്. ആർക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സംവിധാനമാണിത്. നഗരങ്ങളിലായാലും ഉൾപ്രദേശങ്ങളിലായാലും ഓടിക്കുമ്പോൾ ആവശ്യമായ വിവരങ്ങൾ തത്സമയം സ്‌ക്രീനിൽ നിന്നും ലഭിക്കും. 23 കിലോഗ്രാം ഭാരമുള്ള സൈക്കിളിൽ 36 വോൾട്ടിന്റെ 10.4 ആംപിയർ അവർ ശേഷിയുള്ള ലിഥിയം അയൺ ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 60 എൻഎം ടോർക്കാണ് ശേഷി. മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും.
എഫ് ആൻഡ് ആർ ടെക്ട്രോ ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകൾ സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നു. ഷിമാനോ ആൾറ്റസ് 7-സ്പീഡ് ഗിയർ സിസ്റ്റം സുഗമമായ ഗിയർ മാറ്റം സാധ്യമാക്കുന്നു. സെല്ലി റോയൽ എംടിബി സ്റ്റൈൽ സാഡിൽ, സൺടൂർ എക്സ്.സി.ടി സസ്‌പെൻഷൻ, ബെനലി അലുമിനിയം അലോയ് ഹാൻഡിൽ ബാർ, പ്രോമാക്സ് സീറ്റ് പോസ്റ്റ് എന്നിവ യാത്ര സുഖകരമാക്കുന്നു.
ബെനലിയുടെ ഡബിൾ അലുമിനിയം അലോയ് റിമ്മുകളും എഫ് ആൻഡ് ആർ 27.5*2.4 സിഎസ്ടി ടയറുകളും മോശം റോഡുകളിലും സ്ഥിരത ഉറപ്പുവരുത്തുന്നു. 27.5 ഇഞ്ച് വലിപ്പമുള്ള ടയറുകൾ ചെളിയിലും മണലിലും പോലും അനായാസം യാത്ര ചെയ്യാൻ കഴിയുന്നവയാണ്. ചുരുക്കിപ്പറഞ്ഞാൽ, മികച്ച കരുത്തും ഉപയോഗങ്ങളും രൂപഭംഗിയും ഒത്തിണങ്ങുന്ന ഒരു മികച്ച പാക്കേജാണ് സ്റ്റെൽവിയോ.
ഈ വർഷം മേയിൽ യൂറോപ്പിലും യുഎസിലും സ്റ്റെൽവിയോയുടെ സെന്റർ മോട്ടോർ പതിപ്പ് കമ്പനി പുറത്തിറക്കും. സാധാരണക്കാർക്കായി ദിവസവും ഉപയോഗിക്കാൻ കഴിയാവുന്ന ഒരു എൻട്രി ലെവൽ ഇലക്ട്രിക് സൈക്കിൾ ഇന്ത്യയിൽ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അതുവഴി ഇന്ത്യയിലെ ജനങ്ങളുടെ ദിനംപ്രതിയുള്ള യാത്രകളിൽ നൂതനവും സുസ്ഥിരവുമായ മാറ്റങ്ങൾ ആവിഷ്കരിക്കുകയാണ് കമ്പനിയുടെ ലക്‌ഷ്യം.
കൊച്ചിയിലെ സെന്റർ സ്ക്വയർ മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പോർട്സ് ഗ്ലോബൽ ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുനിൽ മുകുന്ദൻ, കോസ്‌മോസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇജാസ് പി ഇസ്മായിൽ, സിനിമാതാരം സംസ്കൃതി ഷേണായ് എന്നിവർക്കൊപ്പം വാൻ ഇലക്ട്രിക് മോട്ടോർ കമ്പനിയുടെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.