റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരുക്ക് പറ്റിയവരിൽ ഒരു മലയാളി കൂടി. പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനാണ് ഡ്രോൺ ആക്രമണത്തിൽ കാലിന് പരുക്ക് പറ്റിയത്. മകനെ തിരികെ കൊണ്ടുവരാൻ സർക്കാർ ഇടപെടണമെന്ന് ഡേവിഡിന്റെ മാതാവ് അരുൾമേരി. റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ശ്രമം തുടരുന്നതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.
സെക്യൂരിറ്റി ജോലിക്കയാണ് പൂവാർ സ്വദേശി ഡേവിഡ് റഷ്യയിലേക്ക് പോയത്. ഡൽഹിയിലെ ഒരു സ്വകാര്യ ഏജൻസി വഴിയാണ് തൊഴിൽ തരപ്പെടുത്തിയത്. റഷ്യയിലെത്തി രണ്ട് മാസത്തോളം സെക്യൂരിറ്റി ജോലി ചെയ്തു. പിന്നാലെയാണ് ഏജന്റിന്റെ സഹായത്തോടെ റഷ്യയിലേ കൂലിപ്പട്ടാളത്തിൽ ചേരുന്നത്. യുദ്ധത്തിനിടയിൽ കാലിന് പരിക്കേറ്റ ഡേവിഡ് അവിടെ നിന്നും രക്ഷപെട്ട് പള്ളിയിലെ അഭയാർഥി ക്യാംപിലാണ് ഉള്ളതെന്ന് മാതാവ് അരുൾമേരി പറഞ്ഞു.
മകനെ തിരികെ കൊണ്ടുവരാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡേവിഡിന്റെ പിതാവ്. തൊഴിൽതട്ടിപ്പിന് ഇരയായി റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ശ്രമം തുടരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. റിക്രൂട്ടിങ് ഏജൻസികൾക്ക് എതിരെ അന്വേഷണം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.ഡേവിഡിന് പുറമേ നിരവധി ഇന്ത്യക്കാർ ഇപ്പോഴും റഷ്യയിലെ യുദ്ധം മുഖത്താണ്. യുദ്ധത്തിനിടെ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസിന് വെടിയേറ്റ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.