ന്യൂഡൽഹി ∙ നിയമവിരുദ്ധവും അനുചിതവുമായ നീക്കത്തിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസപ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നത് അന്വേഷണത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.. പെരുമാറ്റച്ചട്ടം നിലവിലുള്ള കാലയളവിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു മേൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും മഹുവ ആവശ്യപ്പെട്ടു.
ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽനിന്നാണ് മഹുവ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ, മഹുവയുടെ കൊൽക്കത്തയിലെ വസതിയിലും കൃഷ്ണനഗറിലെ അപ്പാർട്മെന്റിലും പിതാവ് താമസിക്കുന്ന മറ്റൊരു അപ്പാർട്മെന്റിലുമാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. കോഴക്കേസിൽ അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസമാണ് സിബിഐക്ക് ലോക്‌പാൽ നിർദേശം നൽകിയത്.
മഹുവയ്ക്കു നേരെ ഉയർന്നിരിക്കുന്നതു കടുത്ത ആരോപണങ്ങളാണെന്നും പദവി പരിഗണിക്കുമ്പോൾ അതു വളരെ ഗൗരവത്തിലെടുക്കേണ്ടതാണെന്നും ലോക്പാൽ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ എട്ടിന് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനു വ്യവസായി ദർശൻ ഹിരനന്ദാനിയിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് മഹുവയെ പാർലമെന്റിൽനിന്നു പുറത്താക്കി. ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു നടപടി.