പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിൽ പ്രതികരണവുമായി പത്തനംതിട്ട എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽദാന പദ്ധതിയെ താറടിക്കാനാണ് യു.ഡി.എഫ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
കുടുംബശ്രീയുമായി പണ്ടുമുതലേ അടുപ്പമുള്ളതാണ്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ല. അവരുടെ പരിപാടി നടക്കുന്നുണ്ടെങ്കിൽ അവിടെ കയറി വോട്ട് ചോദിക്കും. ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയുള്ള പരിപാടിയാണ് തൊഴിൽദാന പദ്ധതി. അതിനെ താറടിക്കാനാണ് യു.ഡി.എഫ് ശ്രമം. ജനകീയ പരിപാടികൾ യു.ഡി.എഫിനെ അലട്ടുന്നു. വിശദീകരണ നോട്ടിസിൽ കലക്ടർക്കു മറുപടി നൽകുമെന്നും ഐസക് അറിയിച്ചു.
യു.ഡി.എഫ് നൽകിയ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ ഇന്ന് പത്തനംതിട്ട ജില്ലാ കലക്ടർ ഐസക്കിനോട് വിശദീകരണം തേടിയിരുന്നു. മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കാണിച്ചാണ് നോട്ടിസ് നൽകിയത്. ഐസക് സർക്കാർ സംവിധാനങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നാണ് യു.ഡി.എഫ് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
കുടുംബശ്രീയുടെ പരിപാടികളിൽ തുടർച്ചയായി പങ്കെടുക്കുന്നു, സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിലും സ്ഥിരം സാന്നിധ്യമാണ്, സർക്കാർ സംവിധാനമായ കെ-ഡിസ്‌ക് വഴി തൊഴിൽ വാഗ്ദാനം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളാണ് യു.ഡി.എഫ് ഉയർത്തിയത്. കലക്ടർ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്ന് യു.ഡി.എഫ് പ്രതികരിച്ചു.