ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെഎൻയു ) സ്റ്റുഡൻ്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുമുന്നേറ്റം. ആകെയുള്ള നാലിൽ സീറ്റിലും ഇടതുസഖ്യം ലീഡ് ചെയ്യുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സീറ്റുകളിൽ ഇടത് സഖ്യം മുന്നിലാണ്. ജനറൽ സെക്രട്ടറി പോസ്റ്റിൽ ഇടത് പിന്തുണയുള്ള ബാപ്സ സ്ഥാനാർഥിക്കും ലീഡ് ഉണ്ട്
ഇടതു സഖ്യം, എബിവിപി എന്നിവരെ കൂടാതെ എൻഎസ് യു, ആർജെഡിയുടെ വിദ്യാർത്ഥി സംഘടന, ബാപ്സ എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു. ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (എഐഎസ്എ), ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (ഡിഎസ്എഫ്), സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ), ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എഐഎസ്എഫ്) എന്നിവരടങ്ങുന്ന യുണൈറ്റഡ് ഇടതുപക്ഷ സഖ്യമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
ഇടതു സഖ്യവും എബിവിപിയും തമ്മിലാണ് തമ്മിലാണ് പ്രധാന മത്സരം നടന്നത്. വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ മുന്നിൽ നിന്ന എബിവിപി യിൽ നിന്നും ഇടതു സഖ്യം ലീഡ് തിരികെ പിടിക്കുകയായിരുന്നു. പൊതു രാഷ്ട്രീയ വിഷയങ്ങളും ക്യാംപസിനുള്ളിലെ സംഭവങ്ങളുമാണ് ഇടത് സഖ്യം ചർച്ചയാക്കിയത്. അടുത്തിനിടെ ക്യാമ്പസിലുണ്ടായ സംഘർഷങ്ങളും ഇടതുസഖ്യം ഉയർത്തിക്കൊണ്ടുവന്നു.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെഎൻയു വീണ്ടുമൊരു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന് വേദിയായത്. വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന് ശേഷം ക്യാംപസിൽ വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 73 ശതമാനം വിദ്യാർത്ഥികളാണ് വോട്ടവകാശം വിനിയോഗിച്ചത്. കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്. ആകെ വോട്ടർമാരുടെ എണ്ണം 7751 ആയിരുന്നു