ന്യൂഡൽഹി: ബിജെപിയുടെ നൂറ്റി പതിനൊന്ന് മണ്ഡലങ്ങളിലേക്കുള്ള അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ യുപിയിലെ പിലിഭിത്ത് സിറ്റിംഗ് എംപി വരുണ്‍ ഗാന്ധി ഇടംപിടിച്ചില്ല. വരുണിൻ്റെ അമ്മ മേനക ഗാന്ധിക്ക് സീറ്റ് നല്കിയപ്പോള് മകനെ ഒതുക്കുകയായിരുന്നു . വരുണിന്റെ മണ്ഡലത്തില്‍ ജിതിന് പ്രസാദയാണ് സ്ഥാനാര്‍ഥി. മേനക ഗാന്ധി സുല്‍ത്താന്‍പുരില്‍ നിന്നും മത്സരിക്കുന്നത്.
വരുൺ ഗാന്ധിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചേക്കും എന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായായിരുന്നു. സീറ്റ് നിഷേധിച്ചാൽ അഖിലേഷ് യാദവിൻ്റെ സമാജ്വാദി പാര്‍ട്ടി (എസ്പി) ടിക്കറ്റിൽ വരുൺ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കേയാണ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നിരുന്നത്. കർഷക സമരത്തെ അനുകൂലിച്ചതോടെയാണ് വരുണിനെതിരെ ബിജെപി തിരിഞ്ഞത്.
വരുണിനെ എസ്പി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതിൽ തൻ്റെ പാർട്ടി വിമുഖത കാണിക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും വ്യക്തമാക്കിയിരുന്നു.കേന്ദ്ര സര്‍ക്കാരിനും യുപി സര്‍ക്കാരിനുമെതിരായ വരുണിന്റെ തുടര്‍ച്ചയായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഒരുകാലത്ത് ബിജെപിയുടെ യുവനേതാക്കളില്‍ പ്രധാനിയായിരുന്നു വരുണ്‍.
കേന്ദ്രത്തിനെതിരെയും യുപി സര്‍ക്കാരിനെതിരെയും നിരന്തരം വിമര്‍ശനമുയര്‍ത്തിയതോടെയാണ് വരുണ്‍ ബിജ.പിയുടെ കണ്ണിലെ കരടാകുന്നത്. ലംഖിപൂരിലെ കര്‍ഷക കൂട്ടക്കൊലയെ വരുണ്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും വരുണിനെയും മനേകയെയും ഒഴിവാക്കിയിരുന്നു.
പിലിഭിത്തിൽ നിന്നും 2009ലാണ് വരുൺ ആദ്യമായി ലോക്സഭയിലെത്തുന്നത്. 2014ൽ വീണ്ടും മേനക ഗാന്ധി മത്സരിച്ചു ജയിച്ചെങ്കിലും 2019ൽ ബിജെപി വരുണിനെ മത്സരിപ്പിച്ചു. 2. 55 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വരുൺ ലോക്സഭയിൽ എത്തിയത്.
അതിനിടെ നെഹ്രു കുടുംബത്തിന്റെ കോട്ടയായിരുന്ന അമേഠിയിലും റായ്ബറേലിയും മത്സരിക്കാനില്ലെന്ന തീരുമാനം ഇന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തീരുമാനം പാർട്ടിയെ അറിയിച്ചിരുന്നു.നേരത്തെ കോൺഗ്രസ് സ്ഥാനാർഥിയായി വരുണിനെ മത്സരിപ്പിച്ചേക്കുമെന്ന ഊഹാപോഹങ്ങളും ഉണ്ടായിരുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടാണ് പരാജയപ്പെട്ടത്. ബിജെപിയിൽ വരുൺ തുടരുമോ, അതോ പാർട്ടി വിടുമോ എന്ന സസ്പെൻസാണ് ബിജെപിയുടെ അഞ്ചാം ഘട്ട പട്ടിക സൃഷ്ടിച്ചിരിക്കുന്നത്.