തിരുവനന്തപുരം: റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ ചിലർ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തൽ. തൊഴിൽ തട്ടിപ്പിൽപ്പെട്ട് റഷ്യ- യുക്രൈൻ യുദ്ധഭൂമിയിലെത്തിയ തിരുവനന്തപുരം, പൂവാർ സ്വദേശിയായ ഡേവിഡ് മുത്തപ്പൻ ആണ് വെളിപ്പെടുത്തൽ നടത്തിയത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ഇന്ത്യക്കാരാണ് യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടത്. റഷ്യൻ പൗരത്വമുള്ള മലയാളി സന്തോഷ് അലക്സ് ആണ് കേരളത്തിൽനിന്നുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പിന് പിന്നിലെന്നും ഇരയായ ചിലർ പറയുന്നു.
ഡേവിഡിന് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റു. ആക്രമണത്തിൽ കാൽ തകർന്ന ഡേവിഡിന് ഒരുദിവസത്തിന് ശേഷമാണ് ചികിത്സ ലഭിച്ചത്. ആക്രമണത്തിൽ ഡേവിഡിന്റെ കാലിൽ നിന്ന് മാംസം പറിഞ്ഞു തെറിച്ചു. ഡൽഹിയിൽ നിന്നുള്ള ഏജന്റ് മുഖേനയാണ് ഡേവിഡ് റഷ്യയിലെത്തിയത്. നാലുലക്ഷത്തോളം രൂപ ഇതിനായി നൽകിയെന്നാണ് വിവരം. സെക്യൂരിറ്റി ജോലിക്കെന്ന് പറഞ്ഞാണ് റഷ്യയിലെത്തിച്ചത്. എന്നാൽ, പിന്നീട് പാസ്പോർട്ടുൾപ്പെടെ പിടിച്ചുവെച്ചശേഷം കൂലിപ്പട്ടാളത്തിലേക്ക് നിർബന്ധിതമായി റിക്രൂട്ട് ചെയ്യുകയായിരുന്നു.
നേരത്തെ, ആറ്റിങ്ങൽ സ്വദേശിയായ പ്രിൻസ് എന്ന യുവാവിന് യുദ്ധമുഖത്തുവെച്ച് വെടിയേറ്റ് പരിക്കുപറ്റിയിരുന്നു. പ്രിൻസുൾപ്പെടെ മൂന്ന് മലയാളികളാണ് ആറ്റിങ്ങലിൽനിന്ന് റഷ്യയിലെത്തി പറ്റിക്കപ്പെത്. ജോലിതട്ടിപ്പിൽ കുടുങ്ങി ഭാഗ്യത്തിന് രക്ഷപ്പെട്ട് തിരികെയെത്തിയ മലയാളികളിൽ അധികവും തുമ്പ മേഖലയിൽ നിന്നുള്ളവരാണ്. തുമ്പയിൽനിന്ന് റഷ്യയിലെത്തി, അവിടുത്തെ പൗരനായി മാറിയ സന്തോഷ് അലക്സ് എന്നയാളാണ് തട്ടിപ്പിന്റെ സൂത്രധാരൻ. ഇയാളുടെ ബന്ധു പ്രിയൻ എന്ന് വിളിക്കുന്ന യേശുദാസ് എന്നയാളും തട്ടിപ്പിന്റെ ഭാഗമാണ്. പ്രിയൻ വഴിയാണ് പണമിടപാടുകൾ.
തട്ടിപ്പിനിരയായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായി 32 പേരാണ് റഷ്യയിലെത്തിയത്. ഇവരിൽ 30 പേർ ഇതുവരെ തിരികെ എത്തിയിട്ടുണ്ട്. 32 പേരടങ്ങുന്ന സംഘം ഫെബ്രുവരി എട്ടിനാണ് നെടുമ്പാശ്ശേരിയിൽനിന്ന് ഷാർജ വഴി മോസ്കോയിലെത്തിയത്. തിരികെ എത്തിയതിൽ 26 പേരും തുമ്പ സ്വദേശികളാണ്. റഷ്യൻ പൗരനായ മലയാളി തുമ്പ സ്വദേശി ആയിരുന്നതിനാലാണ് കൂടുതൽ റിക്രൂട്ടുമെന്റുകൾ ഇവിടെനിന്ന് നടന്നത്. നാല് കൊല്ലം സ്വദേശികളും തിരികെ എത്തിയിട്ടുണ്ട്.
യുക്രൈനെതിരായ യുദ്ധമുഖത്തേക്കയയ്ക്കാനുള്ള കൂലിപ്പട്ടാളത്തിലേക്കാണ് വിദേശത്തുനിന്ന് റിക്രൂട്ട്മെന്റുകൾ നടന്നത്. ഇതിന്റെ സാധ്യതകൾ മനസിലാക്കിയാണ് മലയാളിയായ സന്തോഷ് അലക്സ് തട്ടിപ്പ് നടത്തിയത്. സെക്യൂരിറ്റി ജോലി, യുദ്ധത്തിൽ തകർന്ന സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായ ജോലി എന്നിങ്ങനെ വാഗ്ദാനം നൽകി എത്തിക്കുന്നവരെ കൂലിപ്പട്ടാളത്തിൻറ ഭാഗമാക്കി മാറ്റുകയാണ് ചെയ്യുന്നത്. റഷ്യയിലെത്തിയാൽ റഷ്യൻ ഭാഷയിലുള്ള കരാറിലാണ് ഒപ്പിടീക്കുന്നതെന്ന് രണ്ടാംസംഘത്തിൽ റഷ്യയിൽ പോയി മടങ്ങിയെത്തിയവർ പറയുന്നു.
കരാർ ഒപ്പിടാൻ ഭീഷണിയും നിർബന്ധവും ഒക്കെയുണ്ടാകും. ഭയന്നുപോകുന്നവർ നിവൃത്തിയില്ലാതെ കരാർ ഒപ്പിടും. റഷ്യൻ ഭാഷ വശമില്ലാത്തതിനാൽ കരാറിൽ ഒപ്പിടുന്നവരെ നേരെ പട്ടാളക്യാമ്പിലേക്കും പരിശീലനത്തിന് ശേഷം യുദ്ധമുഖത്തേക്കുമയക്കും. ആറ്റിങ്ങൽ സ്വദേശികളായ പ്രിൻസ്, വിനീത്, ടിനു എന്നിവർ കരാർ മനസിലാകാതെ ഒപ്പിട്ട് കുടുങ്ങിയവരാണ്.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് നൂറുകണക്കിന് ആളുകളെയാണ് മലയാളിയായ സന്തോഷ് അലക്സ് തട്ടിപ്പിനിരയാക്കിയത്. തട്ടിപ്പിനിരയായി യുദ്ധഭൂമിയിൽ കുടുങ്ങിയവരെ എല്ലാവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. സന്തോഷ് അലക്സിനെ റഷ്യൻ ഏജൻസികളെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം വിദേശകാര്യമന്ത്രാലയം നടത്തുന്നുണ്ട്.