വയനാട്ടിലെ സവിശേഷ കാലാവസ്ഥ ഉള്ളി കൃഷിക്ക് അനുയോജ്യം; ദേശീയ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഉള്ളിക്ക് കേരളത്തിൽ അനുകൂല സാഹചര്യമോ?

 

ദേശീയ രാഷ്ട്രീയത്തിൽ വൻ സ്വാധീനം ചെലുത്താൻ കഴിയുന്ന പച്ചക്കറി ഇനമാണ് ഉള്ളി അഥവാ സവാള. സവാളയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പാക്കുന്നതിനുമായി സവാളയ്ക്ക് മാർച്ച് 31 വരെ ഏർപ്പെടുത്തിയ നിയന്ത്രണം തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനം. മൂന്നാം വട്ടവും രാജ്യത്ത് അധികാരത്തിലെത്താൻ ശ്രമിക്കുന്ന നരേന്ദ്ര മോദി സർക്കാരിന് ഉള്ളി വിലക്കയറ്റം മൂലമുള്ള വെല്ലുവിളി ഒഴിവാക്കാനാണ് കയറ്റുമതി നിരോധനം നീട്ടിയത്.

രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുന്നതിനിടെ കേന്ദ്രസർക്കാരിന്റെ അപ്രതീക്ഷിത തീരുമാനമായിരുന്നു ഇത്. ഡിസംബറിൽ ഏർപ്പെടുത്തിയ ഉള്ളി കയറ്റുമതി നിരോധനം അവസാനിക്കാനിരിക്കെയാക് കയറ്റുമതിക്കാരുടെയാകെ പ്രതീക്ഷ അസ്ഥാനത്താക്കി കേന്ദ്രത്തിൻ്റെ സർപ്രൈസ് നീക്കം.

എന്നാൽ ലോകത്തിലെ ഏറ്റവും വലിയ പച്ചക്കറി കയറ്റുമതിക്കാരാണ് ഇന്ത്യ.
കയറ്റുമതി നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം പ്രാദേശിക വില പകുതിയിലധികം കുറഞ്ഞതിനാല്‍ നിരോധനം പിന്‍വലിക്കുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച വൈകിട്ട് ഉത്തരവിറക്കുകയായിരുന്നു. പുതിയ സീസണിലെ വിളകളുടെ വര്‍ധിച്ചുവരുന്ന വിതരണവും വില ഇടിവ് വരുന്നതും കണക്കിലെടുത്ത് നിരോധനം നീട്ടിയത് തികച്ചും അനാവശ്യമാണെന്നാണ് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ ഉള്ളി ഉല്‍പ്പാദകരില്‍ ഒന്നാമതായ മഹാരാഷ്ട്രയിലെ ചില മൊത്തവ്യാപാര വിപണികളില്‍ ഡിസംബറില്‍ ഉള്ളി വില 100 കിലോയ്ക്ക് 4,500 രൂപയില്‍ നിന്ന് 1,200 രൂപയായി (14 ഡോളര്‍) കുറഞ്ഞിരുന്നു. ഏപ്രില്‍ 19 മുതല്‍ ഏകദേശം ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും ഭരണ തുടര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ് ഉള്ളിയുടെ കാര്യത്തിൽ നിർണായക തീരുമാനമെടുത്തതോടെ മോദി സര്‍ക്കാര്‍.

ഉള്ളിയുടെ വില വർധനവ് പലപ്പോഴും കേരളത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ടായിരുന്നു. കുതിച്ചുയരുന്ന ഉള്ളി വിലയെ നിയന്ത്രിക്കാൻ കേരളത്തിൽ തന്നെ കൃഷി വ്യാപിക്കുന്നതാണ് നല്ലതെന്ന വിലയിരുത്തൽ കാലാകാലങ്ങളായി ഉയർന്നിരുന്നു. വയനാടിൻ്റെ സവിശേഷ കാലാവസ്ഥ സവാളപോലുള്ള ശീതകാല പച്ചക്കറികള്‍ക്ക് അനുയോജ്യമാണ്.

വയനാട് ജില്ലയിലെ തൊട്ടതിര്‍ത്തിയായ കര്‍ണ്ണാടകയിലെ ഗുണ്ടല്‍പ്പേട്ടയില്‍ വിപുലമായ തോതില്‍ ഇപ്പോള്‍ ഉള്ളികൃഷി നടക്കുന്നുണ്ട്.രാജ്യവ്യാപകമായി ഉള്ളിക്ക് വില കൂടിയും കുറഞ്ഞുമിരിക്കുമ്പോള്‍ കേരളത്തിലും ഉള്ളിക്ക് കടുത്ത ക്ഷാമമായിരിക്കും.ഇതിനെ നേരിടാന്‍ സ്വന്തം നാട്ടില്‍ ഉള്ളി കൃഷികൊണ്ട് കഴിയുമെന്നതാണ് വിലയിരുത്തലുകൾ.

ഉള്ളി കൃഷി ജില്ല മുഴുവന്‍ വ്യാപിപ്പിക്കാന്‍ കൃഷിവകുപ്പിൻ്റെ കീഴിലെ ‘ആത്മയുടെ’ നേതൃത്വത്തില്‍ വിപുലപദ്ധതി നേരത്തെ ആരംഭിച്ചിരുന്നു. കര്‍ഷകര്‍ക്കുള്ള വിവിധ ഘട്ടത്തിലെ പരിശീലനവും നടത്തിയിരുന്നു. സവാള ഇനങ്ങളായ അഗ്രിഫൗണ്ട് ഡാര്‍ക് റെഡ്, അര്‍ക്കാ കല്യാണ്‍ എന്നീ ഇനങ്ങള്‍ സമതലങ്ങളടക്കം കേരളത്തിലെല്ലായിടത്തും കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശീതകാലമാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം.