ന്യൂഡൽഹി∙ കേന്ദ്രമന്ത്രിയും കരസേന മുൻ മേധാവിയുമായ വി.കെ.സിങ് ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. വി.കെ.സിങ്ങിന്റെ മണ്ഡലമായ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇന്ത്യന്‍ വ്യോമസേനാ മുൻ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിങ് ഭദൗരിയ (ആര്‍.കെ.എസ്. ഭദൗരിയ) മത്സരിക്കും. ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഭദൗരിയയെ സ്ഥാനാർഥിയാക്കിയത്.
കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഗാസിയാബാദിൽ നിന്നാണ് വി.കെ.സിങ് തിരഞ്ഞെടുക്കപ്പെട്ടത്. കാൻപുർ എംപി സത്യദേവ് പച്ചൗരിയും സ്ഥാനാർഥിയാകില്ലെന്നാണ് വിവരം. വരുൺ ഗാന്ധിക്ക് ഉൾപ്പെടെ സ്ഥാനാർഥിത്വം ലഭിക്കാതിരുന്നതു പാർട്ടിക്കുള്ളിൽ ചർച്ചയ്ക്കു വഴിതുറന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വി.കെ.സിങ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
‘‘ഒരു സൈനികൻ എന്ന നിലയിൽ എന്റെ ജീവിതം രാജ്യത്തിനു വേണ്ടി സമർപ്പിച്ചതാണ്. കഴിഞ്ഞ പത്തു വർഷമായി ഗാസിയാബാദിലെ ജനങ്ങൾക്കു വേണ്ടിയാണ് ഞാൻ പ്രവർത്തിച്ചത്. ഈ യാത്രയിൽ ജനങ്ങളിൽനിന്നു ലഭിച്ച സ്നേഹത്തിനും വിശ്വാസത്തിനും നന്ദി പറയുന്നു. ഈ വൈകാരിക ബന്ധം എനിക്ക് വിലപ്പെട്ടതാണ്. 2024ലെ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. ഈ തീരുമാനം എന്നെ സംബന്ധിച്ച് എളുപ്പമല്ല. പക്ഷെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നാണ് തീരുമാനമെടുക്കുന്നത്. എന്റെ ഊർജം വ്യത്യസ്ത വഴികളിലൂടെ രാജ്യത്തെ സേവിക്കാൻ ഉപയോഗിക്കും’’– വി.കെ.സിങ് എക്സിൽ കുറിച്ചു.