ജെഎൻയുവിലെ ഇടത് മുന്നേറ്റത്തിൽ തരിപ്പണമായി എബിവിപി

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെഎൻയു ) സ്റ്റുഡൻ്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് മിന്നും വിജയം. നാല് വർഷത്തിന് ശേഷമാണ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലിൽ മൂന്ന് സീറ്റുകളിൽ ഇടത് പാനലിലെ സ്ഥാനാർത്ഥികളും ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടത് സഖ്യം പിന്തുണ നൽകിയ ബിഎപിഎസ്എ സ്ഥാനാർത്ഥിയും വിജയം നേടി.

ഇടതു സഖ്യം, എബിവിപി എന്നിവരെ കൂടാതെ എൻഎസ് യു, ആർജെഡിയുടെ വിദ്യാർത്ഥി സംഘടന, ബാപ്സ എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു. ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (എഐഎസ്എ), ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (ഡിഎസ്എഫ്), സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ), ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എഐഎസ്എഫ്) എന്നിവരടങ്ങുന്ന യുണൈറ്റഡ് ഇടതുപക്ഷ സഖ്യമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

ഇടതു സഖ്യവും എബിവിപിയും തമ്മിലാണ് പ്രധാന മത്സരം നടന്നത്. വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ മുന്നിൽ നിന്ന എബിവിപി യിൽ നിന്നും ഇടതു സഖ്യം ലീഡ് തിരികെ പിടിക്കുകയായിരുന്നു.പൊതു രാഷ്ട്രീയ വിഷയങ്ങളും ക്യാംപസിനുള്ളിലെ സംഭവങ്ങളുമാണ് ഇടത് സഖ്യം ചർച്ചയാക്കിയത്. അടുത്തിനിടെ ക്യാംപസിലുണ്ടായ സംഘർഷങ്ങളും ഇടതുസഖ്യം ഉയർത്തിക്കൊണ്ടുവന്നു.

വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന് ശേഷം ക്യാംപസിൽ വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 73 ശതമാനം വിദ്യാർഥികളാണ് വോട്ടവകാശം വിനിയോഗിച്ചത്. കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്. ആകെ വോട്ടർമാരുടെ എണ്ണം 7751 ആയിരുന്നു.