ന്യൂഡൽഹി: കേരളത്തിനു പിന്നാലെ കർണാടകയും കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാനത്തെ വരൾച്ച നേരിടാൻ ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന് (എൻഡിആർഎഫ്) ഫണ്ട് നൽകാൻ കേന്ദ്രത്തോടു കോടതി നിർദേശിക്കണമെന്നാണ് ആവശ്യം. കേന്ദ്രസഹായം നൽകാതിരിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
236 താലൂക്കുകളിൽ 223 എണ്ണത്തെ വരൾച്ച ബാധിച്ചു. 48 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചു. ഏകദേശം 35,162 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായും കർണാടക ചൂണ്ടിക്കാട്ടി. 18,171 കോടി രൂപയാണ് കേന്ദ്രസഹായമായി ചോദിച്ചിരിക്കുന്നത്.