ഗാസ: കൂടുതൽ ആശുപത്രികൾ വളഞ്ഞും ആരോഗ്യപ്രവർത്തകർക്കു നേരെ വെടിവയ്പു നടത്തിയും ഇസ്രയേൽ സൈന്യം. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ അൽ അമാൽ, നാസർ ആശുപത്രികൾക്കു ചുറ്റും നിലയുറപ്പിച്ചിട്ടുള്ള സൈന്യം ആളുകളെ ഒഴിപ്പിക്കാൻ പുകബോംബിട്ട് ഭീതി സൃഷ്ടിക്കുന്നു. നേരത്തേ വളഞ്ഞ മധ്യഗാസയിലെ അൽ ഷിഫ ആശുപത്രിയിൽനിന്ന് 480 ഹമാസ് അംഗങ്ങളെ പിടികൂടാനായെന്നും 170 പേരെ വധിച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. അൽ അമാൽ ആശുപത്രി പരിസരം ബുൾഡോസർ ഉപയോഗിച്ചു തകർത്താണ് സൈന്യം മുന്നേറുന്നത്.
ചികിത്സയിലുള്ളവരും ആരോഗ്യപ്രവർത്തകരും ഒഴിഞ്ഞുപോകണമെന്നാണ് ആവശ്യം. കിഴക്കൻ ലെബനനിൽ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ബാൽബെക്കിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേലിന്റെ മിസൈൽ കേന്ദ്രത്തിൽ റോക്കറ്റാക്രമണം നടത്തിയെന്ന് ഹിസ്ബുല്ലയും അറിയിച്ചു. ഗാസയിൽ എത്രയും വേഗം കൂടുതൽ സഹായം എത്തിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. യുദ്ധത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 32,226 ആയി. 74,518 പേർക്കു പരുക്കേറ്റു.