തിരുവനന്തപുരം:റഷ്യൻ കൂലിപട്ടാളത്തോടൊപ്പം യുദ്ധം ചെയ്യാനായി നിയോഗിക്കപെട്ടവരിൽ കൂടുതലും മലയാളികൾ ആണെന്ന സംശയത്തിൽ സിബിഐ.മനുഷ്യകടത്തലിനെക്കുറിച്ചുള്ള സൂചനയിൽ നടത്തിയ അന്വേഷണത്തിലാണ് മലയാളികൾ ഉൾപെട്ടിട്ടുണ്ടെന്നും തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നും വ്യക്തമായത്.
സാധാരണ കുടുംബങ്ങളിൽനിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായത്. തലസ്ഥാന ജില്ലയിൽ അഞ്ചുതെങ്ങിലെ 3 യുവാക്കൾ തട്ടിപ്പിനിരയായിരുന്നു. ഇവർ റഷ്യ–യുക്രൈയ്ന്‍ അതിർത്തിയിലെ യുദ്ധമുഖത്താണുള്ളത്.
പൂവാർ സ്വദേശി ഡേവിഡും യുക്രെയ്‌നെതിരെ റഷ്യ യുദ്ധം നടത്തുന്ന മേഖലയിലാണ്. ഡ്രോൺ ആക്രമണത്തിൽ ഡേവിഡിന് പരുക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നാണ് ഡേവിഡ് വീട്ടുകാരെ അറിയിച്ചത്. അഭയാർഥി ക്യാംപിലുള്ള ഡേവിഡിന് ഇടയ്ക്ക് വീട്ടുകാരെ ഫോൺ വിളിക്കാൻ സാധിക്കുന്നുണ്ട്.
സിബിഐ സംഘം ഡേവിഡിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. സെക്യൂരിറ്റി ജോലിക്കായാണ് ഡേവിഡിനെ അഞ്ചു മാസം മുൻപ് റഷ്യയിലേക്ക് കൊണ്ടുപോയത്. ഏജന്റിന് 3 ലക്ഷം രൂപ നൽകിയിരുന്നു. ഏജന്റിനെക്കുറിച്ച് വീട്ടുകാർക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല. രണ്ടാഴ്ച മുൻപാണ് യുദ്ധത്തിൽ പരുക്കേറ്റ വിവരം ഡേവിഡ് വീട്ടിൽ വിളിച്ച് അറിയിക്കുന്നത്.
പാസ്പോർട്ടും മറ്റു രേഖകളും പട്ടാള ഉദ്യോഗസ്ഥരുടെ കൈയ്യിലാണ്. പരുക്കേറ്റവരെയും മൃതദേഹങ്ങളെയും കൊണ്ട് പരിസരം നിറഞ്ഞതായാണ് ഡേവിഡ് പറയുന്നത്. ഡേവിഡിന്റെ വിവരങ്ങൾ ശേഖരിച്ച സിബിഐ ഉദ്യോഗസ്ഥർ ഇന്ത്യൻ എംബസിക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
ഏജന്റുമാരുടെ നീക്കങ്ങള്‍ സിബിഐ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളായ ടിനുവും വിനീതും പ്രിന്‍സുമെല്ലാം വീട്ടുകാർ വഴി സിബിഐ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇന്ത്യൻ എംബസി യുദ്ധമുഖത്തുള്ളവരുമായി ബന്ധപ്പെടാൻ ശ്രമങ്ങള്‍ തുടരുകയാണ്. സർക്കാർ തലത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് യുദ്ധമേഖലയിലേക്കെത്താൻ പ്രയാസം നേരിടുന്നുണ്ട്.