ചില സമയങ്ങളിൽ പലർക്കും എന്തെങ്കിലുമൊക്കെ വലിച്ചു വാരി കഴിക്കാൻ തോന്നും. എന്താണ് കഴിക്കേണ്ടത് എന്ന് പോലും അറിയാതെ ആയിരിക്കും ഈ സമയത്ത് ആഹാരങ്ങളുടെ തെരഞ്ഞെടുപ്പ്. എന്നാൽ ചില സമയങ്ങളിൽ വിശപ്പേ ഉണ്ടായിരിക്കില്ല. ഇങ്ങനെയുള്ള മാറ്റങ്ങളുടെ കാരണം കുടലിലെ അസുഖങ്ങളാകാം. ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെയും കാര്യക്ഷമതയെയും മാത്രമല്ല കുടൽ ആരോഗ്യം ബന്ധപ്പെട്ടിരിക്കുന്നത്. ദഹനം, പോഷകങ്ങളുടെ ആഗിരണം, മലവിസർജ്ജനം, പ്രതിരോധശേഷി, മാനസികാരോഗ്യം തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യവുമായി വളരെയധികം ബന്ധമുണ്ട്.
80% രോഗപ്രതിരോധ കോശങ്ങൾ വസിക്കുന്നത് കുടലിലാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. പോഷകങ്ങൾ ആഗിരണം ചെയ്യാൻ മാത്രമല്ല, തലച്ചോറിലേക്ക് സിഗ്നലുകൾ അയക്കാനും അണുബാധയിൽ നിന്ന് പ്രതികരിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും അവ സഹായിക്കുന്നു. കുടലിൽ നിന്ന് തലച്ചോറിലേക്ക് അയക്കുന്ന സിഗ്നലുകൾ നമ്മുടെ മാനസികാവസ്ഥയേയും അവബോധത്തെയും സ്വഭാവത്തെയും സ്വാധീനിക്കുന്നു. ആമാശയം, ചെറുകുടൽ വൻകുടൽ എന്നിവ ഉൾപ്പെടുന്ന ദഹന നാളത്തിന്റെ സന്തുലിതാവസ്ഥയും ഉചിതമായ പ്രവർത്തനവും കുടലിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു.
കുടലിന്റെ ആരോഗ്യം ശരീരത്തില് വളരെ പ്രധാനപ്പെട്ടതാണ്. കുടലിലേതെങ്കിലും തരത്തിലുള്ള അസുഖങ്ങളുണ്ടെങ്കിൽ വിശപ്പില്ലായ്മ, അമിത വിശപ്പ്, ക്ഷീണം എന്നിവ ഉണ്ടാകും. കുടലിൽ വരൻ സാധ്യതയുള്ള അസുഖങ്ങളിലൊന്നാണ് കുടൽ വീക്കം.
എന്താണ് കുടൽ വീക്കം?
കുടൽ മൈക്രോബിയോട്ടയിലെ അസന്തുലിതാവസ്ഥകൾ ദഹനനാളത്തിൽ വീക്കത്തിന് കാരണമാകുകയും ഇത് കുടൽ തടസ്സത്തിനും ചോർച്ചയുള്ള കുടലിനും ശരീരത്തിലുടനീളമുള്ള വീക്കത്തിനും കാരണമാകും. ഇത്തരത്തിലുള്ള ചെറിയ ദീർഘകാല കുടൽ വീക്കം വിഷാദം, ആകാംക്ഷ തുടങ്ങിയ വിവിധ മാനസികാരോഗ്യ പ്രശ്നങ്ങളുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുടലിന്റെ പ്രശ്നം കൊണ്ട് വിഷാദം പോലുള്ള രോഗങ്ങൾ ഉണ്ടായേക്കാം.
കുടൽ ആരോഗ്യവുമായി ബന്ധപ്പെട്ട് എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകും?
പ്രതിരോധശേഷി
കുടൽ മൈക്രോബിയോട്ട പ്രതിരോധശേഷി നിയന്ത്രിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. കുടൽ ബാക്ടീരിയകളിലെ അസന്തുലിതാവസ്ഥ (ഡിസ്ബിയോസിസ്) പ്രതിരോധവ്യവസ്ഥയുടെ പ്രവർത്തനത്തിൽ തകരാറുണ്ടാക്കുകയും ചില മാനസികാരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനും വികസിക്കുന്നതിനും കാരണമാകുകയും ചെയ്യും.
ഷോർട്ട് ചെയിൻ ഫാറ്റി ആസിഡ് (SCFAs)
കുടല്‍ ബാക്ടീരിയകൾ ഭക്ഷണ നാരുകളെ പുളിപ്പിച്ച് ഷോർട്ട് ചെയിൻ ഫാറ്റി ആസിഡ് ഉണ്ടാക്കുന്നു, ഉദാഹരണത്തിന്, ബ്യൂട്ടിറേറ്റ്, അസറ്റേറ്റ്, പ്രൊപിയോണേറ്റ്. ഷോർട്ട് ചെയിൻ ഫാറ്റി ആസിഡിന് ന്യൂറോ ആക്റ്റീവ് ഗുണങ്ങൾ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, അത് തലച്ചോറിന്റെ പ്രവർത്തനത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കും.
കുടൽ മൈക്രോബിയോട്ടയിലെ തടസ്സം
കുടൽ ബാക്ടീരിയയിലെ അസന്തുലിതാവസ്ഥകൾ വീക്കം, ന്യൂറോട്രാൻസ്മിറ്റർ ഉൽപാദനത്തിലെ മാറ്റം, സിഎൻഎസുമായുള്ള ആശയവിനിമയം തടസ്സപ്പെടുത്തൽ എന്നിവയ്ക്ക് കാരണമാകും, ഇത് ആകമാനം ആകുലത, വിഷാദം, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
സമ്മർദം
സമ്മർദം കുടൽ ബാക്ടീരിയയെ ദോഷകരമായി ബാധിക്കുകയും മാനസികാരോഗ്യം വഷളാക്കുന്ന ഒരു ദുഷിച്ച ചക്രം സൃഷ്ടിക്കുകയും ചെയ്യും.
ദഹന പ്രശ്നങ്ങൾ
ക്രോണിക് ഇറിറ്റബിൾ ബവൽ സിൻഡ്രോം (Irritable bowel syndrome) പോലുള്ള അവസ്ഥകൾ ആകുലത, വിഷാദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം, ഇത് കുടൽ-തലച്ചോർ ബന്ധത്തെ എടുത്തുകാണിക്കുന്നു.
കുടൽ ആരോഗ്യം സംരക്ഷിക്കാം വേണ്ടി ചെയ്യാൻ കഴിയുന്നത് മെച്ചപ്പെട്ട ജീവിത ശൈലി പിന്തുടരുക എന്നതാണ്.
കുടൽ ആരോഗ്യത്തിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാം?
ഭക്ഷണക്രമം
നാരുകൾ അടങ്ങിയ വൈവിധ്യമാർന്ന ഭക്ഷണക്രമം ശീലിക്കുക, പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവ പ്രബയോട്ടിക്സ് (നല്ല കുടൽ ബാക്ടീരിയകൾക്കുള്ള ഭക്ഷണം) നാരുകൾ എന്നിവ നൽകുന്നു, ഇത് കുടൽ ആരോഗ്യത്തിന് നിർണായകമാണ്.
എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാം?
മാതളം : കുടൽ ആരോഗ്യം മെച്ചപ്പെടുത്താൻ മാതളം മികച്ചൊരു തിരഞ്ഞെടുപ്പാണ്. ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്ന നാരുകൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ, വയറ്റിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകളും മാതളനാരങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മാതളമോ മാതള ജ്യൂസോ നിത്യമായി കഴിക്കുന്നത് ആരോഗ്യകരമായ കുടൽ മൈക്രോബയോമിന് സംഭാവന ചെയ്യുകയും ദഹനസംബന്ധമായ അസുഖങ്ങൾ തടയാൻ ഇത് സഹായിക്കുകയും ചെയ്യും.
അത്തിപ്പഴം: കുടൽ ആരോഗ്യത്തിന് ഏറ്റവും ഉപകരിക്കുന്നതും വളരെയധികം പോഷകഗുണമുള്ള പഴമാണ് അത്തിപ്പഴം. ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്ന നാരുകൾ അത്തിപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഗുണകരമായ കുടൽ ബാക്ടീരിയകൾക്ക് ഊർജ്ജം നൽകുന്ന പ്രകൃതിദത്ത പഞ്ചസാരകളും അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ദിവസവും അത്തിപ്പഴം ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ദഹന ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് വളരെയധികം ഉപകരിക്കും.
ഈന്തപ്പഴം: നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാലാണ് ഈന്തപ്പഴം കുടൽ ആരോഗ്യത്തിന് ഗുണകരമായത്. സ്ഥിരമായ മലവിസർജ്ജനം നിലനിർത്തുന്നതിനും ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നാരുകൾ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ കുടലിലെ മലബന്ധം തടയാൻ ഈന്തപ്പഴം മികച്ചതാണ്. കൂടാതെ, ഗുണകരമായ കുടൽ ബാക്ടീരിയകൾക്ക് ഊർജ്ജം നൽകാൻ കഴിയുന്ന പ്രകൃതിദത്ത പഞ്ചസാരകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ദഹനപരമായ ആരോഗ്യത്തിന് ഉപകാരപ്രദമാണ് മാത്രമല്ല കുടലിന്റെ ക്രമം പരിപാലിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കാപ്പി: കുടൽ ആരോഗ്യത്തിന് കാപ്പിക്ക് നല്ല ഫലങ്ങൾ ഉണ്ടാകാൻ കഴിയും. ദഹനം ഉത്തേജിപ്പിക്കുകയും മലവിസർജ്ജനം സുഖമമാകുന്നതിന് ഇത് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, കാപ്പി ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് കുടൽ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. മിതമായ അളവിൽ കാപ്പി കഴിക്കുന്നത് വൈവിധ്യമാർന്ന കുടൽ മൈക്രോബിയോമിനെ പോലും പിന്തുണയ്ക്കും, പാലോ പഞ്ചസാരയോ കൂടാതെ കോഫി കുടിക്കുന്നതാണ് ഉചിതം. കാപ്പി പലയാളുകളിലും വ്യത്യസ്ത അനുഭവമുണ്ടാക്കിയേക്കാം. ഒരു ദിവസം 2-3 കപ്പിൽ കൂടാതിരിക്കുന്നതാണ് നല്ലത്.
ധാരാളം വെള്ളം കുടിക്കുക
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും കുടൽ പ്രവർത്തനത്തിനും വെള്ളം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ വ്യത്യസ്ത ഇടവേളകളിൽ ശുദ്ധജലം കുടിക്കുന്നത് ശീലമാക്കുക.
ജീവിതശൈലി
സമ്മർദ്ദം കൈകാര്യം ചെയ്യുക, യോഗ, ധ്യാനം, ആഴത്തിലുള്ള ശ്വസനം എന്നിവ പോലുള്ള വിശ്രമിക്കാനുള്ള മാർഗങ്ങൾ പരിശീലിക്കുക. ഹോബികളിലും കായിക വിനോദങ്ങളിലും നിരന്തരം ഏർപ്പെടുക, സുഹൃത് ബന്ധങ്ങൾ നിലനിർത്തുക എന്നിവയെല്ലാം മാനസിക സമ്മർദങ്ങൾ കുറയ്ക്കുന്നതിനുപകരിക്കും. മാത്രമല്ല ഇവയെല്ലാം തിരിച്ചു സമ്മർദ്ദം കുടലിനെ ബാധിക്കുന്നത് തടയാനും ഉപകരിക്കും.
ഉറക്കം
കുടൽ ആരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവും സംരക്ഷിക്കാൻ രാത്രിയിൽ 7-8 മണിക്കൂർ നല്ല ഉറക്കം ഉറപ്പാക്കുക, അത് ശീലമാക്കുക.
വ്യായാമം
ശാരീരിക പ്രവർത്തനം കുടൽ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും മാനസികാവസ്ഥയും ധാരണാശക്തിയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പ്രോബയോട്ടിക്കുകളുടെ ഉപയോഗം
പ്രോബയോട്ടിക് സപ്ലിമെന്റുകൾ അല്ലെങ്കിൽ തൈര്, കിംച്ചി പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ കുടൽ ആരോഗ്യത്തെ സഹായിക്കും. എന്നാൽ, ഫുഡ് സപ്പ്ളിമെന്റുകളും പ്രോട്ടീനുകളും ഉപയോഗിക്കുന്നതിനായി ഒരു ഡയറ്റീഷന്റെയോ ആരോഗ്യ പ്രവർത്തകന്റെയോ നിർദ്ദേശം തേടുക.