കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) റമദാൻ കാമ്പയിൻ 2024ന്റെ ഭാഗമായി പ്രഭാഷണം സംഘടിപ്പിച്ചു. മംഗഫ് മിയ മസ്ജിദിൽ നടന്ന പരിപാടിയിൽ സ്ത്രീകളടക്കം നിരവധി ആളുകൾ പങ്കെടുത്തു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു.
റമദാൻ, വിശുദ്ധിയുടെ കർമ സാഫല്യം എന്ന വിഷയത്തിൽ കെ.ഐ.സി മഹ്ബൂല മേഖല പ്രസിഡന്റ് അമീൻ മുസ്ലിയാർ ചേകന്നൂർ മുഖ്യ പ്രഭാഷണം നടത്തി. കുവൈത്ത് ഔഖാഫ് ജീവനക്കാരായ ശൈഖ് അബൂബക്കർ സിദ്ദീഖ്, മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റ് മുഹമ്മദ് അലി എന്നിവർ ആശംസ നേർന്നു.
ഔഖാഫ് ജീവനക്കാരായ ശൈഖ് ആദിൽ രിശ് വാൻ മൂസ, ശൈഖ് അഹ്മദ് ഗരീബ് ഇസ്മാഈൽ, കേന്ദ്ര നേതാക്കളായ ഇസ്മായിൽ ഹുദവി, മുസ്തഫ ദാരിമി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. ഔഖാഫ് ജീവനക്കാർക്കുള്ള ഉപഹാരങ്ങൾ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ നൽകി. കെ.ഐ.സി സിൽവർ ജൂബിലി പദ്ധതികളിലെ ‘അക്ഷരക്കൂട്ട്’ പുസ്തകത്തിന്റെ കോപ്പി മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റ് മുഹമ്മദ് അലി സ്വീകരിച്ചു.
റമദാന് ക്വിസ് മത്സരത്തിൽ മഹ്ബൂല മേഖല വിജയി ഹസൻ തഖ്വക്കുള്ള സമ്മാനം വേദിയിൽ നൽകി. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും കേന്ദ്ര ഉംറ വിങ് സെക്രട്ടറി ഹകീം മൗലവി വാണിയന്നൂർ നന്ദിയും പറഞ്ഞു.