മലപ്പുറം: മലപ്പുറം കാളികാവ് ഉദരംപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വഭാവിക മരണത്തിനാണു നിലവില്‍ കേസെടുത്തിരിക്കുന്നതെന്നും ആരോപണങ്ങളുയര്‍ന്നതിനാല്‍ ഫായിസിനെ മുന്‍കരുതലെന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണ കാരണം വ്യക്തമാകുവെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍, മുഹമ്മദ് ഫായിസ് മകളായ ഫാത്തിമ നസ്രിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് അമ്മയുടെയും ബന്ധുക്കളുടെയും ആരോപണം. ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് പിതാവ് ആശുപത്രിയിലെത്തിച്ചത്.
ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പൊലീസ് കൂടുതല്‍ ഫായിസിനെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് അബോധാവസ്ഥയിലായ രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ പിതാവ് മുഹമ്മദ് ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ബോധം പോയെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ചപ്പോൾ മരണം സംഭവിച്ചെന്ന് വ്യക്തമായി തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കുട്ടിയെ വീട്ടിൽ വെച്ച് പിതാവ് ഫായിസ് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുട്ടിയുടെ ഉമ്മ ഷഹാനത്തും ബന്ധുക്കളും ആരോപിച്ചു. മുമ്പ് ഫായിസിനെതിരായി ഭാര്യ ഷഹാനത്ത് നൽകിയ പരാതി ഒത്തു തീർപ്പാക്കണാമെന്നാവശ്യപ്പെട്ടായിരുന്നു നിരന്തരം ഉപദ്രവിച്ചതെന്ന് ബന്ധുവായ സിറാജ്ജുദ്ധീൻ പറഞ്ഞു. ഫോണില്‍ വിളിച്ചപ്പോ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചെന്നാണ് ഫായിസ് പറഞ്ഞതെന്നും കുട്ടിയുടെ അമ്മയുടെ അമ്മ റംലത്ത് പറഞ്ഞു. കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നു. മകളുടെ മുന്നില്‍ വെച്ചാണ് കുട്ടിയെ കൊന്നത്. കുട്ടിയെ കൊല്ലുമെന്ന് പറഞ്ഞാണ് ഇവിടെ നിന്ന് കൂട്ടികൊണ്ടുപോയത്. കട്ടിലില്‍ എറിഞ്ഞും ശ്വാസമുട്ടിച്ചുമൊക്കെയാണ് കൊന്നത്. അവന്‍റെ വീട്ടുകാര്‍ നോക്കി നില്‍ക്കെയാണ് സംഭവമെന്നും റംലത്ത് ആരോപിച്ചു. കുടുംബപ്രശ്നം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.