പോഷക ഗുണമുള്ള കാടമുട്ട അച്ചാർ

ആവശ്യമായ ചേരുവകൾ

നന്നായി പുഴുങ്ങി തോട് കളഞ്ഞ കാട മുട്ട – 25 എണ്ണം

നല്ലെണ്ണ – 3 ടീ സ്പൂൺ

കടുക് – അര ടീ സ്പൂൺ

മുളക്പൊടി – 2 ടീ സ്പൂൺ

മല്ലിപ്പൊടി – 1 ടീ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ

കായപ്പൊടി – കാൽ ടീ

സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റാക്കിയത്-ഓരോ ടീ സ്പൂൺ

ഉപ്പ് -ആവശ്യത്തിന്

വിനാഗിരി-1 ടീ സ്പൂൺ

കറിവേപ്പില- ഒരു തണ്ട്

ചെറുതായി പൊട്ടിച്ചെടുത്ത വറ്റൽ മുളക് -3 എണ്ണം

തയാറാക്കുന്ന വിധം

ചീന ചട്ടിയിലോ, 3 ടീ സ്പൂൺ നല്ലെണ്ണയൊഴിച്ച് നന്നായി ചൂടാക്കിയ ശേഷം കടുക് പൊട്ടിച്ച്, കറിവേപ്പില, വറ്റൽ മുളക് എന്നിവ പേസ്റ്റാക്കിയത് ചീനച്ചട്ടിയിലിട്ട ശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കണം. തീ കുറച്ചു വച്ച ശേഷം പച്ചക്കുത്ത് മാറുന്നത് വരെ നന്നായി വീണ്ടും ഇളക്കണം. ഈ കൂട്ടിലേക്ക് പുഴുങ്ങിയ മുട്ട ചേർത്ത് നന്നായി യോജിപ്പിക്കുക. ഗ്രേവി ആവശ്യമുള്ളവർക്ക് അല്പം ചൂടുവെള്ളം കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് എടുക്കാം. ഇനി തീയണച്ച് അര മണിക്കൂറോളം മൂടി വയ്ക്കണം. തുടർന്ന് ചൂട് മാറിയ ശേഷം ഈർപ്പമില്ലാത്ത ഒരു ചില്ലു കുപ്പിയിൽ ഒരു സ്പൂൺ വിനാഗിരി മുകളിൽ തൂവി അടച്ചു വച്ചു സൂക്ഷിക്കാം. അച്ചാർ ഉണ്ടാക്കിയ ദിവസം തന്നെ ഉപയോഗിക്കാമെങ്കിലും ഒരു ദിവസം അടച്ചു സൂക്ഷിച്ച ശേഷം ഉപയോഗിക്കുമ്പോൾ സ്വാദേറും.ഒരു തവണ തുറന്ന് ഉപയോഗിച്ച ശേഷം വീണ്ടും ഉപയോഗിക്കാനായി ഫ്രിജിൽ സൂക്ഷിക്കാം.