വീട്ടിലിരുന്നോ, വരണ്ട: ഇതാ!! ജീവനക്കാരുടെ നിത്യശത്രുവിന് അവധി നല്‍കി KSRTC: കൊല്ലാനോ അതോ വളര്‍ത്താനോ എന്ന ചോദ്യം ബാക്കി (എക്‌സ്‌ക്ലൂസിവ്)

ആറ്റുകാല്‍ പൊങ്കാല പാര്‍ക്കിംഗിന്റെ പേരിലും ചെറിയൊരു പിരിവെടുത്തിട്ടുണ്ട്

ഇതാ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് ഒരു ഉത്തരവിലൂടെ ജീവനക്കാരുടെ നിത്യശത്രുവിനെ അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലാനാണോ വളര്‍ത്താനാണോ ഈ ഉത്തരവെന്നതു മാത്രമാണ് ജീവനക്കാര്‍ക്കു സംശയം. ഉത്തരവിറങ്ങിയത്, കഴിഞ്ഞ 23നാണ്. എ.ടി.ഒ ജേക്കബ് സാം ലോപ്പസിന്റെ പേരില്‍ ആരോപിക്കപ്പെട്ട ബജറ്റ് ടൂറിസത്തിലെ 33 ലക്ഷം രൂപയുടെ അഴിമതിക്കു പുറമേ രണ്ടു ജീവനക്കാര്‍ പട്ടികജാതി പട്ടിക വര്‍ഗ കമ്മിഷനില്‍ നല്‍കിയിരിക്കുന്ന പരാതിയുമുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ ഉദ്യോഗസ്ഥനെ കമ്മിഷന്‍ ക്ഷമ പറയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട മറ്റൊരു തട്ടിപ്പു കൂടി ഇപ്പോള്‍ ഉയര്‍ന്നു വരികയാണ്. ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ പണം പിരിച്ചെടുത്തിരുന്നു. ഒരുലക്ഷം രൂപയോളം പിരിച്ചെടുത്തത് സ്വന്തം കീശയിലിട്ടെന്നാണ് ആക്ഷേപം ഉണ്ടായിരിക്കുന്നത്. പാര്‍ക്കിംഗിന്റെ പേരില്‍ നടത്തിയ പണപ്പിരിവ് നിയമവിരുദ്ധമാണെന്നും ജീവനക്കാര്‍ പറയുന്നു. അഥവാ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് പാര്‍ക്കിംഗ് നടത്തിയതിന്റെ പേരില്‍ പണം പിരിച്ചിട്ടുണ്ടെങ്കില്‍ അത് ചീഫ് ഓഫീസില്‍ അടയ്‌ക്കേണ്ടതായിരുന്നു. അതും ഉണ്ടായില്ല.

ഈ പണം എങ്ങോട്ടു പോയെന്ന് ആര്‍ക്കുമറിയില്ല. നിലവില്‍ ചീഫ് ഓഫീസില്‍ പഴയ ഫലുകള്‍ തൂക്കി വില്‍ക്കാനുള്ള തിരക്കിലാണ്. എല്ലാം കമ്പ്യൂട്ടര്‍ വത്ക്കരിച്ചെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, എത്രയെത്ര തിരിമറികളായിരിക്കും പഴയ ഫയലുകള്‍ നശിപ്പിക്കുന്നതു വഴി ഇല്ലാതാകുന്നത്. സമാനസ്ഥിതിയായിരിക്കും ഈ പാര്‍ക്കിംഗ് ഫീസ് അഴിമതിയും. ഇങ്ങനെ എല്ലാം വെളുപ്പിച്ചെടുക്കുന്ന കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും നല്ലതൊന്നും പ്രതീക്ഷിക്കരുതെന്ന സന്ദേശം കൂടി മനസ്സിലാക്കേണ്ടി വരുന്നുണ്ട്. അതുപോലെ ഒന്നാണ് ജേക്കബ് സാം ലോപ്പസിന്റെ അവധി അപേക്ഷയും. അത് പരിഗണിക്കലും.

31-5-2024ല്‍ വിരമിക്കുന്ന മാവേലിക്കര യൂണിറ്റ് അധികാരി എ.റ്റി.ഒ ജേക്കബ് സാം ലോപ്പസിന് ഇന്നു മുതല്‍ വിരമിക്കലിന് മുന്നോടിയായുള്ള അവധിയില്‍ പ്രവേശിക്കുന്നതിനാണ് അനുമതി നല്‍കി ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കായംകുളം യൂണിറ്റിലെ എ.റ്റി.ഒ കെ.ജി. ജയകുമാറിന് മാവേലിക്കരയുടെ അധിക ചുമതലയും ഈ യൂണിറ്റിന്റെ ഫണ്ട് കൈകാര്യം ചെയ്യാനുള്ള അനുമതിയും നല്‍കുന്നുവെന്നാണ് ഉത്തരവ്. മുന്‍ ഗതാഗത മന്ത്രിയുടെ ബന്ധുവാണെന്ന ബലത്തില്‍ ജീവനക്കാരുടെ മേല്‍ കുതിരകയറിയ കാലത്തൊന്നും അവധിയെടുക്കാതെ വിലസുകയായിരുന്നു അദ്ദേഹം. അന്നൊന്നും അപേക്ഷയും കൊടുത്തിരുന്നില്ല.

എന്നാല്‍, മന്ത്രിയും മാറി എംഡിയും മാറിയതോടെ മുട്ടിടി തുടങ്ങി. ജീവനക്കാര്‍ ഓരോരുത്തരായി പരാതിയുമായി ഇറങ്ങിയതോടെ മര്യാദയ്ക്ക് പെന്‍ഷന്‍ വാങ്ങാന്‍ പോലും പറ്റില്ലെന്നുറപ്പായി. ഇതോടെയാണ് ഇനി സര്‍വ്വീസില്‍ തുടരാതെ അവധിയെടുത്ത് പെന്‍ഷനാകാമെന്ന് ലോപ്പസ് തീരുമാനിച്ചത്. അതോ, ചീഫ് ഓഫീസിലെ ഇപ്പോഴും ലോപ്പസിനെ സഹായിക്കുന്നവര്‍ സൗകര്യം ഒരുക്കികൊടുത്തതോ എന്നാണ് ജീവനക്കാരുടെ സംശയം. രണ്ടായാലും ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷപോലെയാണ് ലോപ്പസിന് അവധി കൊടുത്തിരിക്കുന്നത്. ഇനി എ.റ്റി.ഒ സീറ്റിലിരുന്നാല്‍ കേസിനുമേല്‍ കേസ് വരുമെന്ന ഭയവുമുണ്ട്.

കഴിഞ്ഞ ദിവസമാണ് ജേക്കബ് സാം ലോപ്പസിന്റെ അടുത്ത് പരാതിയുമായെത്തിയ രണ്ടു ജീവനക്കാരോട് മോശമായി പെരുമാറിയ വാര്‍ത്തയും വീഡിയോയും അന്വേഷണം പുറത്തു വിട്ടത്. ഇതിനു പിന്നാലെ മറ്റു ജീവനക്കാരും പരാതികളുമായി എത്തുമെന്നുറപ്പായി. ഇതോടെയാണ് ലോപ്പസ് അവധിയെടുത്ത് വീട്ടില്‍ പോകാന്‍ തീരുമാനിച്ചതും, വേഗത്തില്‍ അവധി അപേക്ഷയില്‍ നടപടി എടുക്കാന്‍ കെ.എസ്.ആര്‍.ടി.സി നിര്‍ബന്ധിതരായതും.