ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈക്കെതിരെ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് നേടിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് നിശ്ചിത ഓവറില്‍ 161 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. അവസാന ഓവറുകളിൽ കണിശയതയാർന്ന ബൗളിങ് മികവിലാണ് ഗുജറാത്ത് മുംബൈയെ പരാജയപ്പെടുത്തിയത്. ഗുജറാത്തിനായി അസ്മത്തുള്ള ഒമര്‍സായ്, ഉമേഷ് യാദവ്, സ്‌പൈന്‍സര്‍ ജോണ്‍സണ്‍, മോഹിത് ശര്‍മ എന്നിവർ രണ്ടു വിസികെട്ടുകൾ വീതം നേടി. സ്‌കോര്‍: ഗുജറാത്ത്- 168/6 (20 ഓവര്‍). മുംബൈ- 161/9 (20 ഓവര്‍).
നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് ഗുജറാത്ത് നേടിയത്. നാല് ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഗുജറാത്ത് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. സാഹ, സായി സുദർശൻ, ഡേവിഡ് മില്ലർ റെന്നിവരുടെ വിക്കറ്റുകളാണ് ബുംറ നേടിയത്.
സായ് സുദര്‍ശനാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറര്‍. 39 പന്തില്‍ 45 റണ്‍സ് നേടിയ സായി സുദർശൻ തന്നെയാണ് കളിയിലെ താരവും.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ടീം സ്‌കോര്‍ തുറക്കുന്നതിനു മുന്നേ ഇഷാന്‍ കിഷനെ (പൂജ്യം) മുംബൈക്ക് നഷ്ടമായി. രോഹിത് ശര്‍മയും (43) ബ്രേവിസും (46) ആണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ഒരു ഘട്ടത്തിൽ മുംബൈ ജയിക്കുമെന്ന് തോന്നിച്ച മത്സരത്തെ ഗുജറാത്ത് ബൗളേഴ്‌സ് തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. അവസാന ഓവറിൽ 19 റൺസ് വേണ്ടിയിരിക്കെ ആദ്യ രണ്ടു പന്തുകളിൽ 10 റൺസ് നേടി ഹർദിക് പാണ്ട്യ പ്രതീക്ഷ നൽകിയെങ്കിലും മൂന്നാമത്തെ പന്തിൽ ഹാർദിക്കിന്റെ വിക്കറ്റ് നേടി ഉമേഷ് യാദവ് ഗുജറാത്തിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.