കോട്ടയം:ആദായനികുതി വകുപ്പ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കാൻ കോൺഗ്രസ് തീരുമാനം.പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം.സ്ഥാനാർത്ഥികൾ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണം.
നേതാക്കളുടെ അടക്കം യാത്ര ചെലവ് പ്രതിസന്ധിയിലായിരിക്കുകയാണ്.കേരളത്തിൽ പാർട്ടി വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും പ്രചാരണത്തിൽ അടക്കം ഇത് ബാധിച്ചിട്ടുണ്ടെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം പറഞ്ഞു. ഇതുവരെയും എഐസിസി പണം നൽകിയിട്ടില്ല.
സ്ഥാനാർഥികൾക്ക് കെപിസിസിയും പണം നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവും പിസിസി അധ്യക്ഷനും നയിച്ച സമരാഗ്നിയിൽ നിന്നും പിരിച്ചെടുത്ത പണം കൊണ്ട് കാര്യങ്ങൾ ഒരുവിധം ഒപ്പിക്കാനാകുമെന്നാണ് നേതാക്കൾ കരുതുന്നത്. ഭൂരിപക്ഷം സീറ്റുകളിലും സിറ്റിങ് എംപിമാർ തന്നെ മത്സരിക്കുന്നതിനാൽ പണം കണ്ടെത്താനുള്ള സ്രോതസ് അവർക്കുണ്ടാകുമെന്നും കെപിസിസി കരുതുന്നു.
കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾക്കെതിരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം പണമില്ലെങ്കിലും കനക്കുമെന്നും നേതാക്കൾ പറയുന്നു. അതേസമയം, ഉത്തരേന്ത്യയിലും പാർട്ടി ഭരണത്തിൽ ഇല്ലാത്ത മറ്റു സംസ്ഥാനങ്ങളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാൽ കാര്യങ്ങൾ തകിടം മറിയുമെന്നാണ് നേതാക്കൾ പറയുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിൽ പ്രചാരണം നടത്താനാണ് പാർട്ടി തീരുമാനം.
Read also :റഷ്യയിലേക്ക് മനുഷ്യകടത്ത്: യുദ്ധം ചെയ്യാൻ കൂടുതലും മലയാളികൾ: സിബിഐ അന്വേഷണം