മുസ്ലിം നാമധാരികൾക്ക് പൗരത്വം പോലും നിഷേധിക്കണമെന്ന് വാശിപിടിക്കുന്ന ആർഎസ്എസ്സുകാർ നമ്മുടെ സാംസ്ക്കാരിക ചരിത്രം തന്നെ നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താജ്മഹലും ഫത്തേപ്പൂർ സിക്രിയും ജുമാ മസ്ജിദും ഒക്കെ നമ്മുടെ രാജ്യത്ത് പടുത്തുയർത്തിയത് മുഗൾ രാജാക്കന്മാരാണെന്നും ഇന്ത്യയുടെ സ്വത്തായാണ് ഇവയെയൊക്കെ നമ്മൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുകൾ ചക്രവർത്തി ഷാജഹാന്റെ മകനായ ധാരാഷികോ സംസ്‌കൃതം പഠിച്ചിരുന്നു. അദ്ദേഹം തർജമ ചെയ്തത് കൊണ്ടാണ് ഉപനിഷത്തുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസീമുള്ള ഖനാണ് ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്ന് ആർ എസ് എസ് ഓർക്കണം. ഒരു മുസ്ലിം ഉണ്ടാക്കിയത് കൊണ്ടു ഇനി ആ മുദ്രാവാക്യം വിളിക്കണ്ടെന്ന് വെക്കുമോ എന്ന ചോദ്യമുയർത്തിയ പിണറായി, രാജ്യത്തിന്റെ സംസ്കാരം പ്രകാശ പൂർണമാക്കുന്നതിൽ മുസ്ലിം വിഭാഗവും വലിയ പങ്കു വഹിച്ചിട്ടുണ്ടന്നും ചൂണ്ടിക്കാട്ടി.