ഓര്‍മകളിലെ ഇന്നസെന്റ്!; മുന്‍ ചാലക്കുടി എം.പിയെ പ്രൊഫ. സി. രവീന്ദ്രനാഥ് അനുസ്മരിക്കുന്നു

ഗൗരവമുള്ള കാര്യമാണെങ്കിലും സംസാരമെല്ലാം അവസാനിക്കുന്നത് പൊട്ടിച്ചിരിയിലായിരുന്നു

വ്യക്തിപരമായും രാഷ്ട്രീയമായും ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഏവര്‍ക്കും പ്രിയങ്കരനായ ഇന്നസെന്റ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന മുന്‍പേ അദ്ദേഹത്തെ നേരിട്ട് അറിയാമായിരുന്നു. അദ്ദേഹവുമായി ചര്‍ച്ച ചെയ്യുന്നത് എത്ര ഗൗരവമുള്ള കാര്യമാണെങ്കിലും സംസാരമെല്ലാം അവസാനിക്കുന്നത് പൊട്ടിച്ചിരിയിലായിരുന്നുവെന്ന് ചാലക്കുടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്തി കൂടിയായ സി. രവീന്ദ്രനാഥ് അനുസ്മരിച്ചു.

ചാലക്കുടി ലോക്‌സഭ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ഊടും പാവും നെയ്ത ‘കലാകാരന്‍’ ആയിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലയില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങളായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിര്‍ കൈവരിച്ചത്. അദ്ദേഹം നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് നവ ചാലക്കുടി എന്ന ബ്രഹത്തായ ആശയം കെട്ടിപ്പടുത്തിട്ടുള്ളത്. ഞാന്‍ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോഴായിരുന്നു സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി വ്യാപകമാക്കിയത്. അന്ന് അദ്ദേഹത്തിന്റെ പരിശ്രമഫലമായി ചാലക്കുടി മണ്ഡലത്തിലെ നിരവധി സ്‌കൂളുകളാണ് ഹൈടെക്കായത്.

പല സ്‌കൂളുകളുടെയും കാര്യം പറയാനും സമ്മര്‍ദ്ദം ചെലുത്താനുമെല്ലാം നേരിട്ട് വിളിക്കും. സംസാരത്തിനൊടുവില്‍ പറയും ‘ഓഹ് നിങ്ങള് വല്യ പ്രൊഫസറൊക്കെ തന്നെ, നമുക്ക് വിദ്യാഭ്യാസമൊന്നും ഇല്ലല്ലോ..’ എന്ന്. അദ്ദേഹത്തിന്റെ ഭരണമികവ് നേരിട്ട് കണ്ട സന്ദര്‍ഭമായിരുന്നു 2018-ലെ പ്രളയം. അന്ന് എറണാകുളം ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെയും പുനര്‍ നിര്‍മാണത്തിന്റെയും ചുമതല എനിക്കായിരുന്നു. എറണാകുളം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗങ്ങളില്‍ ദൃഡമായ സ്വരമായിരുന്നു ഇന്നസെന്റിന്റേത്. ഞങ്ങളുടെ ജോലിഭാരം ലഘൂകരിക്കാനും അര്‍ഹതപ്പെട്ടവര്‍ക്കുള്ള സഹായങ്ങള്‍ കൃത്യമായി എത്തിക്കാനും ഇത് സഹായിച്ചിരുന്നു എങ്കിലും കാര്‍ന്നു തിന്നുന്ന കാന്‍സറിനെ വകവെക്കാതെയായിരുന്നു ഇതെല്ലാം എന്നതാണ് സത്യം.

കലാകാരന്മാരോട് വലിയ സ്‌നേഹവും ബഹുമാനവും പുലര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അങ്ങനെ ഒരു സംഭവം ഇപ്പോഴും ഓര്‍മയിലുണ്ട്. തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുകയാണ്. അന്ന് വിദ്യാര്‍ത്ഥികളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ എത്തിയതായിരുന്നു ഞാനും ഇന്നസെന്റും. അവിടെ വെച്ച് അസാധ്യമായി മിമിക്രി അവതരിപ്പിച്ച ഒരു മിടുക്കനെ ഇന്നസെന്റ് അടുത്തു വിളിച്ച് ഏറെ നേരം സംസാരിച്ചു. നിനച്ചിരിക്കാത്ത നേരത്തുള്ള അദ്ദേഹത്തിന്റെ വിയോഗം വലിയ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. എന്നാല്‍ തമാശ പറഞ്ഞ് ആരെയും കയ്യിലെടുക്കുന്ന ഇന്നസെന്റിന് മലയാളിയുടെ മനസില്‍ എക്കാലവും പ്രത്യേക സ്ഥാനമായിരിക്കുമെന്ന് തീര്‍ച്ചയാണെന്നും അദ്ദേഹം അനുസ്മരിച്ചു.