ഭക്ഷണ ശീലം മൂലം വയറിൽ ഒരു വട്ടമെങ്കിലും ഗ്യാസ്, എരിച്ചിൽ എന്നിവ വരാത്തവരായി ആരുമില്ല. ഗ്യാസ്ട്രബിൾ എന്നാൽ പലതരം അസ്വാസ്ഥ്യങ്ങളാണ്. ഇതൊരു രോഗമല്ല, പല രോഗങ്ങളുടെയും ലക്ഷണമാണ്. വയറ്റിൽ നിന്ന് ഗ്യാസ് പോകുന്നത് പ്രധാനമായും രണ്ട് തരത്തിലാണ്. ഒന്ന് ഏമ്പക്കമായി മുകളിലൂടെയും രണ്ട് അധോവായുവായി താഴേക്കും.
വൻകുടലിൽ ഉണ്ടാകുന്ന വാതകങ്ങൾ പുറത്തേക്കു പോകാതെ കെട്ടി നിൽക്കുമ്പോഴാണ് വയർ വീർത്തു നിൽക്കുന്നത്. വയർ വീർത്തിരിക്കുന്നത് അരോചകരമായ അവസ്ഥയാണ്. നടക്കാനും ഇരിക്കാനും വരെ ഇതിലൂടെ ബുദ്ധിമുട്ട് തോന്നും. പണ്ടത്തെ വീടുകളിലുള്ള അമ്മമാർ ഗ്യാസ് വരുമ്പോൾ പ്രയോഗിച്ചിരുന്നത് ഒരു കഷ്ണം വെളുത്തുള്ളിയോ, ഇഞ്ചിയോ ആണ്.
പലപ്പോഴും പലരെയും ബുദ്ധിമുട്ടിക്കുന്ന മറ്റൊരു പ്രശ്നമാണ് ദഹനക്കേട്. ഇഷ്ടഭക്ഷണം അധികം കഴിക്കുന്നതുകൊണ്ടോ അനാരോഗ്യ ഭക്ഷണങ്ങൾ കഴിക്കുന്നതു കൊണ്ടോ ഒക്കെ ദഹനക്കേട് ഉണ്ടാകാം. വയറിന് കനം, ഓക്കാനം, ദഹനക്കേട് ഇതെല്ലാം ബുദ്ധിമുട്ടിക്കുന്നു എങ്കിൽ ദഹനം മെച്ചപ്പെടുത്താനും മാർഗങ്ങളുണ്ട്. ഉദരത്തെ ആരോഗ്യമുളളതാക്കുന്ന ചില പഴങ്ങൾ ദഹനക്കേട് അകറ്റും.
ദഹനം മെച്ചപ്പെടുത്തുന്ന 5 പഴങ്ങൾ ഇവയാണ്
ആപ്പിൾ
ലോകത്ത് ധാരാളം പേർ കഴിക്കുന്ന ഫലമാണിത്. ആപ്പിളിൽ അടങ്ങിയ പെക്റ്റിൻ എന്ന വസ്തു മലബന്ധത്തിൽ നിന്നും അതിസാരത്തിൽ നിന്നും ആശ്വാസം നൽകും. ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
വാഴപ്പഴം
ഉദരവ്രണങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയയെ പുറന്തള്ളാൻ വാഴപ്പഴം സഹായിക്കും. ദഹനവ്യവസ്ഥയെ ആരോഗ്യമുളളതാക്കാനും വാഴപ്പഴം സഹായിക്കും.
മാമ്പഴം
മാമ്പഴത്തിൽ ഭക്ഷ്യനാരുകൾ ഉണ്ട്. ഇത് മലാശയ അർബുദസാധ്യത കുറയ്ക്കുന്നു. ഭക്ഷണം വേഗത്തിൽ ദഹിക്കാൻ സഹായിക്കുന്ന എൻസൈമുകൾ മാമ്പഴത്തിലുണ്ട്. മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു.
കിവി
നാരുകള്‍ ധാരാളമുള്ള കിവിക്ക് ലാക്സേറ്റീവ് ഗുണങ്ങളും ഉണ്ട്. ദഹനത്തിന് സഹായിക്കുന്നു. കിവിയിലടങ്ങിയ ആക്റ്റിനിഡിൻ എന്ന എൻസൈം ആണ് പ്രോട്ടീന്റെ ദഹനം സുഗമമാക്കുന്നത്. രുചികരമായ ഒരു പഴം കൂടിയാണ കിവി.
ആപ്രിക്കോട്ട്
ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് ആപ്രിക്കോട്ട്. വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. ദഹനം സുഗമമാക്കുന്നു. മലബന്ധം അകറ്റുന്നു.
ഗ്യാസ് വരുമ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം?
മദ്യപാനം
പുകവലി
രാത്രി വൈകിയുള്ള ഭക്ഷണം
വയറു നിറച്ചുള്ള ഭക്ഷണം
പയറു വർഗ്ഗങ്ങൾ
കിഴങ്ങുവർഗങ്ങൾ
പാൽ
മധുരപലഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ
ഉള്ളി, തക്കാളി, ചോക്ലേറ്റ് എന്നിവ നിയന്ത്രിക്കുക
വൈദ്യസഹായം
രണ്ട് ആഴ്ച കഴിഞ്ഞിട്ടും മാറാത്ത ഗ്യാസ്ട്രബിൾ
ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്
തൂക്കകുറവ്, അമിതക്ഷീണം
വിശപ്പില്ലായ്മ
പ്രതിരോധം
മിതവും ക്രമവുമായ ഭക്ഷണരീതി സ്വീകരിക്കുക
സ്ഥിരമായ വ്യായാമം
പുകവലിയും മദ്യപാനവും ഒഴിവാക്കുക.
കോള പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക.
തണുത്തതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുക.
ശരീരം അധികം അനങ്ങാതെ ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ കസേരയിൽ നിന്ന് എഴുന്നേൽക്കുകയോ ചെറുവ്യായാമങ്ങളോ ചെയ്യുക.
ആഹാരസാധനങ്ങൾ വേണ്ടത്ര വേവിച്ചു കഴിക്കണം. വേവാത്ത ഭക്ഷണം ഗ്യാസിനു കാരണമാകും.
തിരിച്ചറിയുക
വയറ്റിൽ ഗ്യാസ് നിറഞ്ഞതുപോലെ തോന്നുക, ഏമ്പക്കം, ഓക്കാനം, തുടങ്ങിയ പ്രശ്നങ്ങൾ ഹൃദയാഘാതം മൂലമുണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ ഗ്യാസ്ട്രബിൾ ആണെന്ന് കരുതി ലഘുവായി എടുക്കാതെ വൈദ്യസഹായം തേടുക.
Read more എപ്പോഴും ക്ഷീണവും, മുടി കൊഴിച്ചിലും അനുഭവപ്പെടുന്നുണ്ടോ? ഈ ലക്ഷണം തള്ളിക്കളയരുത്