കേരളത്തിലെ ആദ്യ വനിതാ ഡിജിപി ശ്രീലേഖയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുകയാണ്. ചന്ദ്രബോസ് വധക്കേസ് പ്രതി ബീഡി രാജാവ് മുഹമ്മദ് നിഷാമിനെ ജയിലിലും പുറത്തും സഹായിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെന്നാണ് വെളിപ്പെടുത്തല്‍. അരുംകൊല നടത്തിയിട്ടും, നിഷാമിന്റെ സമ്പത്തില്‍ മാത്രം നോട്ടമിട്ടുള്ള സഹായങ്ങള്‍ എല്ലാ തലത്തിലും ലഭിക്കുന്നുണ്ട്. ഇതുപറയുന്നത് ആദ്യത്തെ വനിതാ ജയില്‍ ഡിജിപി കൂടിയായ ശ്രീലേഖ ഐ.പി.എസ്. ആണെന്നതാണ് ഞെട്ടിക്കുന്നത്.
‘സസ്‌നേഹം ശ്രീലേഖ’ എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ തുറന്നു പറച്ചില്‍. ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച മുഹമ്മദ് നിഷാം ആറുമാസം തികച്ച് ജയിലില്‍ കിടന്നിട്ടുണ്ടോയെന്ന് സംശമാണ്. ജീവപര്യന്തം തടവെന്നത്, കുറഞ്ഞത് 20 വര്‍ഷമെങ്കിലും ജയിലില്‍ കഴിയണം. എന്നാല്‍, നിഷാമിനെ സംബന്ധിച്ച് ജയിലില്‍ കഴിഞ്ഞിട്ടുള്ള സമയം വളരെ കുറവാണെന്നു തന്നെ പറയേണ്ടി വരും. എന്തായാലും താന്‍ ജയില്‍ ഡി.ജി.പി ആയിരുന്ന മൂന്നു വര്‍ഷവും മുഹമ്മദ് നിഷാം എന്ന തടവുപുള്ളിയെ കണ്ടിട്ടില്ല. ജയില്‍ സന്ദര്‍ശ വേളയിലും കാണാന്‍ സാധിച്ചിട്ടില്ല. നിഷാം എവിടെയെന്ന് ചോദിക്കുമ്പോഴൊക്കെ, അയാള്‍ പരോളിലാണെന്നോ, മറ്റു കേസുകളുടെ ട്രയലിലാണെന്നോ ഒക്കെയാണ് ജയില്‍ അധികൃതരില്‍ നിന്നും ലഭിക്കുന്ന മറുപടി.
നിഷാമിന്റെ പരോളിനായി വലിയ സമ്മര്‍ദ്ദങ്ങളാണ് ഉണ്ടായിരുന്നത്. ഞാന്‍ പരോള്‍ അനുവദിച്ചില്ലെങ്കില്‍ നിഷാമിന് പരോള്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡര്‍ ഇറങ്ങും. അത്രയ്ക്കും പിടിപാടുള്ള വ്യക്തിയാണ് നിഷാമെന്ന് ശ്രീലേഖ ഐപി.എസ് പറയുമ്പോള്‍ ആരാണ് നിഷാമിനുവേണ്ടി ഇടപെടുന്നതെന്ന് വ്യക്തമാവുകയാണ്. ജയില്‍ ഡി.ജി.പിയെ സ്വാധീനിക്കാന്‍ കഴിയുന്ന ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകണമെങ്കില്‍ ഒന്നുകില്‍ പോലീസ് ഡി.ജി.പി, അതല്ലെങ്കില്‍ ആഭ്യന്തര സെക്രട്ടറി, അതുമല്ലെങ്കില്‍ ചീഫ് സെക്രട്ടറി, ഇവരാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ ഉന്നതര്‍. ഇനി, ഇവരെയും കടത്തിവെട്ടി നിഷാമിന്റെ പരോളിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്നത്, ജനപ്രതിനിധികള്‍ക്ക് മാത്രമാണ്.
അതില്‍ മുഖ്യമന്ത്രിയാണ് സംശയത്തിന്റെ മുള്‍മുനയില്‍ ആദ്യം നില്‍ക്കുക. കാരണം, ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന്റെ കൈയ്യിലാണ്. ആഭ്യന്തരമന്ത്രി അറിയാതെ പ്രമാദമായ കേസിലെ കൊടുംകുറ്റവളിക്ക് എങ്ങനെയാണ് പരോള്‍ കിട്ടുന്നത്. ഒരു വാദത്തിനു വേണ്ടി മാത്രം പറയുകയാണെങ്കില്‍, തൃശൂര്‍ എം.പി.യോ, എം.എല്‍.എയോ ഇടപെട്ടേക്കാം. കൂടാതെ, മറ്റു മന്ത്രിമാരെയും പ്രമുഖ പാര്‍ട്ടി നേതാക്കന്‍മാരെയും സംശയിക്കാം. എന്തു തന്നെയായാലും നിഷാമിന്റെ പരളിനു വേണ്ടിയുള്ള സമ്മര്‍ദ്ദം ജയില്‍ ഡി.ജി.പിയെ നിര്‍ജ്ജീവമാക്കിയിരുന്നു എന്നുതന്നെ മനസ്സിലാക്കേണ്ടി വരും. പേരിനു വേണ്ടി മാത്രം ജയില്‍ ഡി.ജി.പി എന്ന പോസ്റ്റ് അലങ്കരിച്ചതാണെന്ന് പറയേണ്ടി വരുന്നുണ്ട്.
കാരണം, ടി.പി. വധക്കേസ് പ്രതികളുടെ പരോളുകള്‍ അനുവദിച്ചതും, ജയിലിലേക്ക് ബിയര്‍ എറിഞ്ഞു കൊടുത്ത കേസും, ടിപി കേസിലെ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചതുമെല്ലാം വിവാദങ്ങളായ വിഷയങ്ങളാണ്. കാക്കി ഇട്ടിരുന്നപ്പോള്‍ കാണിക്കാത്ത ധൈര്യം കാക്കി ഊരിയപ്പോള്‍ തോന്നിയത് തന്റെ യൂ ട്യൂബ് ചാനലിന് വരുമാനം കൂട്ടാനാണോ എന്ന ചോദ്യമാണ് ഉയരുന്നത്. മൂന്നാഴ്ചയ്ക്കു മുമ്പാണ് ഈ വീഡിയോ ശ്രീലേഖ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ 21,000 പേര്‍ വീഡിയോ കണ്ടിട്ടുമുണ്ട്. തൃശൂര്‍ ജില്ലയില്‍ നടന്ന രണ്ടു കൊലപാതക കേസുകളില്‍ ശിക്ഷക്കപ്പെട്ടവരെ കുറിച്ചായിരുന്നു 17 മിനിട്ട് 38 സെക്കന്റ് നീളുന്ന വീഡിയോയില്‍ പ്രതിപാദിക്കുന്നത്.
ആദ്യം സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമിയെ കുറിച്ചും ബാക്കി 6 മിനിട്ട് 95 സെക്കന്റ് മുഹമ്മദ് നിഷാം എന്ന ബിഡി രാജാവിന്റെ (കിംഗ് ബീഡി) കേസുമാണ് പറയുന്നത്. കഥപോലെ വിവരിക്കുന്ന നിഷാം കേസിന്റെ ഹൈലൈറ്റു തന്നെ പോലീസിന് പുല്ലുവില കല്‍പ്പിക്കുന്നയാള്‍ എന്നും, കേരളത്തില്‍ എന്തും ചെയ്യാന്‍ കഴിവുള്ള ആളെന്നുമുള്ളതാണ്. ശ്രീലേഖയുടെ വീഡിയോയില്‍ നിഷാമിനെ കുറിച്ച് പറയുന്നത് ഇതാണ്: തൃശൂരിലെ കിംഗ്‌സ് എന്റര്‍ പ്രൈസസ്സ് എന്ന കമ്പനിയുടെ മുതലാളിയാണ് നിഷാം. കിംഗ് ബീഡിയാണ് പ്രധാന പ്രോഡക്ട്. (അതുകൊണ്ടു തന്നെ ഇയാളെ ബീഡി രാജാവെന്നാണ് ശ്രീലേഖ അഭിസംബോധന ചെയ്യുന്നത്). മില്യണറാണ്. അച്ചന്‍ തുടങ്ങിവെച്ച ബിസിനസ്സ് മക്കള്‍ തുടര്‍ന്നു കൊണ്ടു പോകുന്നു.
പെട്ടെന്നു ദേഷ്യം വരുന്ന ആളാണ് നിഷാം. ശോഭാ സിറ്റി എന്ന അപ്പാര്‍ട്ട്‌മെന്റിലാണ് ഇയാളും കുടുംബവും താമസം. ഒരുദിവസം െൈവകിയെത്തിയ നിഷാമിന്റെ വാഹനത്തിന് ഗേറ്റ് തുറന്നു കൊടുക്കാന്‍ വൈകിയതിന്റെ പേരില്‍ ഗേറ്റ് കീപ്പര്‍ ചന്ദ്രബോസുമായി വഴക്കുണ്ടായി. തുടര്‍ന്ന് ചന്ദ്രബോസിനെ തല്ലുകയും ചെയ്തു. തുടര്‍ന്ന് ഗേറ്റ് കീപ്പര്‍ പ്രതിരോധിച്ചതോടെ നിഷാമിന്റെ ഹമ്മര്‍(അത്യാധുനിക വാഹനം) ഉപയോഗിച്ച് പിന്നാലെ പോയി ഇടിച്ചിട്ടു, വാഹനത്തില്‍ നിന്ന് ജാക്കിലിവര്‍ എടുത്ത് ചന്ദ്രബോസിന്റെ തലയ്ക്കടിച്ച് മ#തപ്രായനാക്കി. ശേഷം ചന്ദ്രബോസിനെ അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുവന്നിട്ടു. നിഷാമിന്റെ ഭാര്യയാണ് ആംബുലന്‍സ് വിളിച്ച് ചന്ദ്രബോസിനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഏഴെട്ടു ദിവസം കഴിഞ്ഞ് മരണപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് നിഷാമിനെ പോലീസ് അറസ്റ്റു ചെയ്യുന്നത്. ഇതോടെ ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ടെന്ന് മനസ്സിലാക്കി. പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് വലിയ വാഹനം ഓടിച്ച് കേടുപാടുകള്‍ വരുത്തിയതിനും, വനിതാ പോലീസ് കൈകാണിച്ചതില്‍ ധേഷ്യംപൂണ്ട് വനിതാ പോലീസിനെ കാറിനുള്ളിലിട്ട് പൂട്ടിയ കേസും പൊങ്ങിവന്നു. ചന്ദ്രബോസ് കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിന് കൊണ്ടുപോകുമ്പോള്‍ എസ്.പിയുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്നുവെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. പോലീസുകാരെപ്പോലും നിയന്ത്രിക്കാന്‍ കഴിവുള്ള കുറ്റവാളിയായിരുന്നു നിഷാമെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ശ്രീലേഖ.
ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും, പരോള്‍ നല്‍കുന്നിനുമൊക്കെ പോലീസും ജയില്‍ ജീവനക്കാരും ഒരുപോലെ സഹായിക്കുന്നുണ്ടെന്നാണ് ശ്രീലേഖയുടെ തുറന്നു പറച്ചിലില്‍ നിന്നും മനസ്സിലാകുന്നത്. പരോളിന് പോകുമ്പോഴും നിഷാം ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. അതിനെല്ലാം കേസുകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, താന്‍ ഇതുവരെ നിഷാമിനെ കണ്ടിട്ടില്ല. കാരണം, ഇയാള്‍ക്ക് തമിഴ്‌നാട്ടിലും, ബംഗളൂരുവിലുമൊക്കെ കേസുകളുണ്ട്. ഇതിന്റെ ട്രയലുകള്‍ക്ക് പോയിരുന്നു എന്നാണ് നിഷാമിനെ കുറിച്ച് ചോദിക്കുമ്പോള്‍ കിട്ടിയിരുന്ന മറുപടി. എന്നാല്‍, നിഷാമിന്റെ ഭാര്യ അമല്‍ വളരെ ശക്തമായാണ് അയാള്‍ക്കു വേണ്ടി വാദിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ഇന്‍ര്‍വ്യൂകള്‍ കൊടുക്കുമ്പോഴൊക്കെ തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും, റാഷ് ഡ്രൈവിംഗ് കേസിനെ മര്‍ഡര്‍ കേസാക്കി മാറ്റി അദ്ദേഹത്തെ ജയിലില്‍ ഇട്ടിരിക്കുകയാണ് എന്നുമൊക്കെയാണ് പറയുന്നത്. എന്നാല്‍, ഒരിക്കല്‍ തന്നെ കാണാന്‍ അമല്‍ ജയില്‍ ആസ്ഥാനത്ത് എത്തിയിരുന്നു. നിഷാമിന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ വേണ്ടിയെന്നാണ് വിചാരിച്ചത്. പക്ഷെ, അണല്‍ എന്റെ മുമ്പില്‍ ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു. ‘പൊന്നു മാഡം ദയവു ചെയ്ത് നിഷാമിന് പരോള്‍ കൊടുക്കരുത്’ എങ്ങനെയെങ്കിലും ജയില്‍തന്നെ ഇട്ടിരിക്കണം.’ എനിക്കും മക്കള്‍ക്കും ജീവിക്കാനാവുന്നില്ല.’ എന്നാണ് പറഞ്ഞത്.
ഇതു കേട്ട് ഞെട്ടിപ്പോയ ഞാന്‍ ചോദിച്ചു’ അപ്പോള്‍ നിങ്ങള്‍ അയാള്‍ക്കു വേണ്ടി സംസാരിക്കുന്നതോ’ ചാനലുകളില്‍ അയാള്‍ നിരപരാധിയാണെന്ന് പറയുന്നതോ’. ‘ അയ്യോ മാഡം, അതെന്നെക്കൊണ്ട് പറയിക്കുന്നതാണ്’ എന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും, കള്ളക്കേസില്‍ ജയിലില്‍ ഇട്ടിരിക്കുന്നതാണെന്നും എന്നൊക്കൊണ്ട് പറയിക്കുകയാണ്’. അങ്ങനെ പറഞ്ഞില്ലെങ്കില്‍ ഞങ്ങളുടെ കാര്യം പോക്കാണ്.’ കുറച്ചു ദിവസമെങ്കിലും സമാധാനത്തോടെ ജീവിക്കണമെന്നുണ്ട്. അതാണ് പരോള്‍ കൊടുക്കരുതെന്ന് പറയുന്നത്.’ അമല്‍ പറഞ്ഞു.
പരോള്‍ കൊടുക്കില്ലെന്നൊക്കെ അവരെ സമാധാനിപ്പിച്ച് വിട്ടെങ്കിലും സംഭഴിക്കാന്‍ പോകുന്നത് എന്താണെന്ന് നല്ലതു പോലെ ശ്രീലേഖയ്ക്കറിയാം. ജയിലില്‍ നിന്ന് പരോള്‍ കൊടുത്തില്ലെങ്കിലും സര്‍ക്കാര്‍ ഓര്‍ഡറായി വരുമെന്നാണ് ശ്രീലേഖ പറയുന്നത്. ഇതു പറയുന്നതു കൊണ്ട് എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്ന് ശ്രീലേഖ പറയുന്നുണ്ട്. പക്ഷെ, ഒരുകാര്യം ഉറപ്പാണ് നിഷാമിന് പരോളും കിട്ടും, ഭാര്യ അമലിനെ നിഷാം കാണുകയും ചെയ്യും. ഈ തുറന്നു പറച്ചില്‍ കൊണ്ട് അടുത്ത് സംഭവിക്കാന്‍ പോകുന്നത്, നിഷാമിന്റെ ഭാര്യയ്ക്കുണ്ടാകാന്‍ പോകുന്ന ആപത്താണ്. അതിനെ ചെറുക്കാന്‍ ആര്‍ക്കുമാവില്ല എന്നതാണ് വസ്തുത.
ഒരു ക്രൈം നടക്കാതെ പോലീസിനോ നിയമത്തിനോ ഇടപെടാനാകില്ല എന്ന പഴുതാണ് നിഷാമിന് അതുവരെ കൂട്ടുണ്ടാവുക. ക്രൈം ഉണ്ടായാല്‍ കുറ്റവാളിയെ പിടിക്കാം, ശിക്ഷിക്കാം, തുറങ്കലില്‍ അടയ്ക്കാം. പക്ഷെ, കുറ്റവാളിയുടെ സ്വാധീനം എത്രത്തോളമുണ്ടോ അത്രത്തോളം സ്വതന്ത്രനുമായിരിക്കും ജയിലില്‍ അയാള്‍. പരോള്‍ എന്ന ഓമനപ്പേരില്‍ വീണ്ടും വീണ്ടും നിയമത്തെയും സമൂഹത്തെയും നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് നിഷാം കറങ്ങി നടക്കും. ബീഡി കിംഗ്, ജയില്‍ കിംഗ് ആയി വിലസും. ജയിലില്‍ നിന്നു കിട്ടാത്ത പരോള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ നേടിയെടുക്കാമെന്ന വിശ്വാസവും നിഷാമിനുണ്ട്. അത് സംഭവിച്ചിട്ടുണ്ടെന്നുമാണ് ശ്രീലേഖ ഐപി.എസ് പറയുന്നത്.
പക്ഷെ, നിഷാമിന്റെ ഭാര്യ അമലിന് ശ്രീലേഖ വക ഒരു ഉപദേശമുണ്ട്. അത് നടപ്പാക്കാന്‍ കഴിയുന്ന ഉപദേശമാണെന്നാണ് തോന്നുന്നത്. ‘ ഇനിയെങ്കിലും ധൈര്യം കാണിക്കണം, ഭയന്നു ജീവിക്കാതെ, സ്വതന്ത്രയാകണം. നിഷാം ബീഡിക്കുള്ളില്‍ കഞ്ചാവ് നിറച്ച് വില്‍പ്പന നടത്തുന്നുണ്ടെന്നൊക്കെയാണ് പറയുന്നത്. ഇങ്ങനെയുള്ളവരോടൊപ്പം ജീവിക്കുന്നതിനേക്കാള്‍ ഒറ്റയ്ക്ക് മക്കളോടൊപ്പം ജീവിക്കുന്നതാണ് സുരക്ഷിതത്വം’. ഇതാണ് ശ്രീലേഖയുടെ ഉപദേശം. അമല്‍ കേള്‍ക്കുമോ എന്തോ. പക്ഷെ, ശ്രീലേഖയോട് ഒരു കാര്യം പറയാതെ വയ്യ. കാക്കി ഇട്ടിരിക്കുമ്പോഴാണ് നിയമപരമായി ആരെും സംരക്ഷിക്കാനാകുന്നത്. കാക്കി ഊരിയതിനു ശേഷം ഒന്നും ചെയ്യാനാകില്ല.
സര്‍വീസില്‍ ഉണ്ടായിരുന്നപ്പോള്‍ ഈ ധൈര്യം കാണിച്ചിരുന്നുവെങ്കില്‍, ഒരുപക്ഷെ, അമല്‍ പുതിയ ജീവിതം തുടങ്ങിയേനെ. ഇപ്പോള്‍ നിങ്ങള്‍ പറയുന്ന വാക്കുകള്‍ക്ക് കഥയുടെ വിലയ്ക്കപ്പുറം മറ്റൊന്നും ലഭിക്കില്ല. പക്ഷെ, ഒന്നു മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. കാക്കിയിട്ടവരെ കൊണ്ട് ബീഡി രാജാക്കന്‍മാരും, മദ്യ മാഫിയകള്‍ക്കും രാഷ്ട്രീയാധികാരികള്‍ക്കും മാത്രമാണ് ഗുണമെന്ന്.