പത്തനംതിട്ട: പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്ക് സെക്രട്ടറി ഷാജി ജോര്‍ജ്ജിനെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. മൈലപ്ര സഹകരണ ബാങ്കിന്റെ പേരില്‍ വാണിജ്യ ബാങ്കില്‍ ഉണ്ടായിരുന്ന രണ്ടു കോടിയോളം രൂപ പിന്‍വലിച്ചതിനും വിനിയോഗിച്ചതിനും രേഖയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോടികളുടെ ക്രമക്കേട് നടന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിലാണ് പുതിയൊരു പരാതി കൂടി വരുന്നത്.
ബാങ്കിന്റെ നിലവിലെ അഡിമിനിസ്ട്രറ്റിവ് ഭരണസമിതി അറിയാതെ തുക പിൻവലിച്ച് കണക്കിൽ വരവ് വെയ്ക്കാതെ വിനിയോഗിച്ചുവെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. 2022 ഏപ്രില്‍ മാസം ഒന്നാം തീയതി മുതല്‍ ഷാജി ജോര്‍ജ്ജാണ് ബാങ്ക് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്. മൈലപ്ര സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മനും ഷാജി ജോര്‍ജിനുമെതിരെ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഇരുവർക്കുമെതിരേ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പൊലീസിൽ പരാതി നൽകി. വിദേശത്തേക്ക് കടന്നിട്ടുള്ള ഷാജി ജോർജിനെ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി സസ്പെൻഡ് ചെയ്തു.
മൈലപ്രയിൽ മോഷണസംഘം കൊലപ്പെടുത്തിയ വ്യാപാരി ജോർജ് ഉണ്ണൂണ്ണിയുടെ മകനാണ് ഷാജി ജോർജ്. കോടികളുടെ ക്രമക്കേട് നടന്നതിന് പിന്നാലെ മൈലപ്ര സഹകരണ ബാങ്കിന്റെ ഭരണസമിതി പിരിച്ചു വിട്ട് അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.
അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി അധികാരമേറ്റതിന് പിന്നാലെ ഷാജി ജോർജിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി റിക്കവറിയുടെ ചുമതല നൽകിയിരുന്നു. എല്ലാ ചുമതലകളിൽ നിന്നും ഷാജിയെ ഒഴിവാക്കിയിരുന്നു. ഇതിന് ശേഷം ഷാജി ജോർജ് അവധിയായിരുന്നു. പകരം സാലി ജോർജിന് സെക്രട്ടറിയുടെ ചുമതല കൊടുത്തു. പിതാവിന്റെ കൊലപാതകത്തെ തുടർന്ന് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി ഷാജിക്ക് അവധി അനുവദിച്ചിരുന്നു. ഈ അവധി മുതലാക്കിയാണ് ഷാജി യു.കെയിലേക്ക് പോയത്.
Read more : സിബിഐ അന്വേഷണം വാ മൂടി കെട്ടാൻ സർക്കാർ ഇറക്കിയ തന്ത്രം:മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ പ്രതിഷേധിക്കും