വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാല പുതിയ വൈസ് ചാൻസലർ രാജിവെച്ചു. ഡോ. പി സി ശശീന്ദ്രനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകിയത്. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് പി സി ശശീന്ദ്രന്‍ പ്രതികരിച്ചത്.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ വിസി എം ആർ ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ശശീന്ദ്രന് ചുമതല നൽകിയത്. വെറ്റിനറി സർവകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു പി സി ശശീന്ദ്രന്‍. മാർച്ച് 2 നാണ് ശശീന്ദ്രനെ വെറ്റിനറി സർവകലാശാല വിസിയായി നിയമിച്ചത്.
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് സസ്‌പെന്റ് ചെയ്ത 33 വിദ്യാര്‍ഥികളെ വി.സി തിരിച്ചെടുത്ത നടപടി റദ്ദാക്കാന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശിച്ചതിനു പിന്നാലെയാണ് രാജി. വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ റിപ്പോര്‍ട്ടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിനൊപ്പം കുറ്റ വിമുക്തരാക്കുക കൂടി ചെയ്തിരുന്നു വിസിയുടെ ഉത്തരവില്‍. വിസിക്ക് എങ്ങനെ കുറ്റ വിമുക്തരാക്കാൻ കഴിയും എന്നായിരുന്നു രാജ്ഭവന്‍റെ ചോദ്യം.
നിയമോപദേശം തേടാതെയായിരുന്നു പുതുതായി ചുമലയേറ്റ വി.സിയുടെ നടപടി. സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്ന് ആരോപണമുയര്‍ന്നിരുന്നു.
Read More: മദ്രസാ നിയമവും യോഗി സർക്കാരിനെ എതിർത്ത മോദി സർക്കാറും; 26 ലക്ഷം വിദ്യാർത്ഥികളുടെ ആശങ്ക ആര് മാറ്റും?