പനജി: ഗോവയില്‍ ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് ബി.ജെ.പി. സൗത്ത് ഗോവ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്ന പല്ലവി ഡെംപോ ബി.ജെ.പിയുടെ സംസ്ഥാനത്തെ ആദ്യ വനിതാ ലോക്‌സഭാ സ്ഥാനാര്‍ഥിയാണ്. ഡെംപോ ഇന്‍ഡസ്ട്രീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് പല്ലവി. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 111 സ്ഥാനാര്‍ഥികളുടെ പട്ടികയിലാണ് പല്ലവി ഡെംപോ ഇടംപിടിച്ചത്.
ഡെംപോ ഗ്രൂപ്പിന്റെ മാധ്യമ, റിയല്‍ എസ്റ്റേറ്റ് വിഭാഗമാണ് പല്ലവി കൈകാര്യംചെയ്യുന്നത്. രസതന്ത്രത്തില്‍ ബിരുദവും പൂണെ എം.ഐ.ടിയില്‍നിന്ന് എം.ബി.എയുമുള്ള പല്ലവി വിദ്യാഭ്യാസമേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഗോവ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് തലവനാണ് പല്ലവിയുടെ പങ്കാളി ശ്രീനിവാസ് ഡെംപോ.
നിലവില്‍ സൗത്ത് ഗോവ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ്‌കോ സര്‍ഡിന്‍ഹയാണ്. 1962 മുതല്‍ രണ്ട് തവണ മാത്രമാണ് ബിജെപി ഈ മണ്ഡലത്തില്‍ വിജയിച്ചത്. 20 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഈ സീറ്റില്‍ 1999-ലും 2014-ലും മാത്രമാണ് ബി.ജെ.പി. വിജയിച്ചത്.
ഇന്തോ-ജര്‍മ്മന്‍ എഡ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രസിഡന്റാണ് പല്ലവി ഡെംപോ. 2012 മുതല്‍ 2016 വരെ ഗോവ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അക്കാദമിക് കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Read more: മദ്രസാ നിയമവും യോഗി സർക്കാരിനെ എതിർത്ത മോദി സർക്കാറും; 26 ലക്ഷം വിദ്യാർത്ഥികളുടെ ആശങ്ക ആര് മാറ്റും?