മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പേഴ്സണൽ അസിസ്റ്റന്റായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടു യുവാക്കൾ അറസ്റ്റിൽ. അലക്കുകാരനിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത സുഹാസ് മഹാദിക്, കിരൺ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
46 കാരനായ മല്ലേഷ് കല്ലൂരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. മല്ലേഷ് കല്ലൂരിയുടെ ജോലി സ്ഥലം ചേരി പുനരധിവാസ അതോറിറ്റി (എസ്ആർഎ) പദ്ധതി പ്രകാരം പുനർവികസനം നടത്തുമെന്ന് അറിപ്പ് അറിയിച്ചിരുന്നു. അതിനിടെ കല്ലൂരിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ധോബി ഘട്ട് റസിഡന്റ്സ് സൊസൈറ്റിയുടെ പ്രസിഡന്റ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകിയതായും കല്ലൂരി അറിഞ്ഞു.
ഈ സംഭവത്തിൽ ഇടപെടാൻ മല്ലേഷ് സഹായം ചോദിച്ച് സുഹാസ് മഹാദിക്കിനെ സമീപിച്ചു. ഉപമുഖ്യമന്ത്രിയായ ഫഡ്നാവിസിന്റെ പിഎമാരില്‍ ഒരാളെ തനിക്ക് അറിയാമെന്ന് പ്രതികളിലൊരാളായ സുഹാസ് മഹാദിക് കല്ലൂരിയോട് പറഞ്ഞു. മഹാദിക് പറഞ്ഞതനുസരിച്ച് വാട്‌സ്ആപ്പിലേക്ക് രേഖകളെല്ലാം അയച്ചുനൽകി. 35 ലക്ഷം രൂപ നൽകിയാൽ പി.എ സഹായിക്കുമെന്നും പ്രതി വിശ്വസിപ്പിച്ചു. ഇതനുസരിച്ച് ഫഡ്നാവിസിന്റെ ഔദ്യോഗിക വസതിക്ക് സമീപം മല്ലേഷ് കല്ലൂരി മറ്റൊരു പ്രതിയായ കിരൺ പാട്ടീലിനെ പരിചയപ്പെടുത്തി.
എന്നാൽ 35 ലക്ഷം രൂപ നൽകാനാകില്ലെന്നും പരമാവധി 12 ലക്ഷം രൂപ നൽകാമെന്നും കല്ലൂരി ഇവരെ അറിയിച്ചു. തുടർന്ന് 15 ലക്ഷം രൂപ ദക്ഷിണ മുംബൈയിലെ എയർ ഇന്ത്യ കെട്ടിടത്തിന് സമീപത്ത് വെച്ച് ഇരുവരും ചേർന്ന് കൈപറ്റിയെന്ന് പൊലീസ് പറയുന്നു.
പിന്നീട് മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ ആരും എടുകാതെ ഇരുന്നപ്പോള്‍ താൻ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ കല്ലൂരി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read more: മദ്രസാ നിയമവും യോഗി സർക്കാരിനെ എതിർത്ത മോദി സർക്കാറും; 26 ലക്ഷം വിദ്യാർത്ഥികളുടെ ആശങ്ക ആര് മാറ്റും?