ഗസ്സ: ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി 171ാം ദിവസവും തുടരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 14000 കുഞ്ഞുങ്ങൾ ഉൾപ്പെടെ 32,333 കവിഞ്ഞതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 74,694 പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 107 പേർ കൊല്ലപ്പെടുകയും 176 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഫയിൽ മാത്രം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.
ഏഴുദിവസമായി ഇസ്രായേൽ അധിനിവേശ സൈന്യം അതിക്രമം തുടരുന്ന അൽശിഫ ആശുപത്രിയിൽ ഇപ്പോഴും നരനായാട്ട് തുടരുകയാണ്. കൂടാതെ തെക്കൻ ഗസ്സയിലെ അൽ അമൽ, അൽ നാസർ ആശുപത്രികളും ഇസ്രായേൽ സൈന്യം വളഞ്ഞിട്ടുണ്ട്.
Read more : വെറ്ററിനറി കോളേജിലെ സിദ്ധാർഥൻ്റെ മരണം : അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി
അതിനിടെ, ഗസ്സയിൽനിന്ന് ഇസ്രായേലിലെ അഷ്‌ദോദ് നഗരത്തിലേക്ക് ഹമാസ് എട്ട് റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ആക്രമണം ഹമാസും സ്ഥിരീകരിച്ചു. ഇതിൽ രണ്ട് റോക്കറ്റുകൾ മാത്രമാണ് ഇസ്രായേലിന്റെ അയേൺ ഡോം പ്രതിരോധ സംവിധാനത്തിന് തടയാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് ഇസ്രായേലി മാധ്യമമായ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ബാക്കിയുള്ളവ തുറസ്സായ സ്ഥലങ്ങളിൽ പതിച്ചുവെന്നാണ് ഐ.ഡി.എഫ് പറയുന്നത്.
ഗസ്സയിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള തെക്കൻ തീരദേശ നഗരമായ അഷ്‌ദോദിന് നേരെ രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് റോക്കറ്റാക്രമണം. ജനുവരി 14 നായിരുന്നു ഇതിന് മുമ്പ് ആക്രമണം നടന്നത്.