യുണൈറ്റഡ് നേഷൻസ്: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കി. യു.എൻ രക്ഷാ കൗൺസിലിലെ 14 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അമേരിക്ക വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. രക്ഷാകൗൺസിലിലെ താൽക്കാലിക അംഗങ്ങളാണ് പ്രമേയം അവതരിപ്പിച്ചത്.
റമദാനിൽ വെടിനിർത്തൽ നടപ്പാക്കാനും മുഴുവൻ ബന്ദികളെയും വിട്ടയക്കാനുമാണ് പ്രമേയം ആഹ്വാനം ചെയ്തിരിക്കുന്നത്. 10 അംഗങ്ങൾ ചേർന്ന് തയാറാക്കിയ പ്രമേയം മൊസാംബിക്കിന്റെ പ്രതിനിധിയാണ് നിർദേശിച്ചത്.
നേരത്തെ നിരവധി തവണ വെടിനിർത്തൽ പ്രമേയം അംഗരാജ്യങ്ങൾ കൊണ്ടുവന്നപ്പോൾ അമേരിക്ക വീറ്റോ അധികാരം പ്രയോഗിച്ച് തള്ളിയിരുന്നു. ഇസ്രായേലിന് അനുകൂലമായി അമേരിക്ക കൊണ്ടുവന്ന പ്രമേയങ്ങൾ റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. ഇതാദ്യമായാണ് സുരക്ഷാ കൗൺസിലിൽ വെടിനിർത്തൽ പ്രമേയം പാസാകുന്നത്.
നേരത്തെ നിരവധി തവണ വെടിനിർത്തൽ പ്രമേയം അംഗരാജ്യങ്ങൾ കൊണ്ടുവന്നപ്പോൾ യു.എസ് വീറ്റോ ചെയ്യുകയായിരുന്നു. ഇസ്രായേലിന് അനുകൂലമായി യു.എസ് കൊണ്ടുവന്ന പ്രമേയങ്ങൾ റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. ഇതാദ്യമായാണ് സുരക്ഷാ കൗൺസിലിൽ വെടിനിർത്തൽ പ്രമേയം പാസാകുന്നത്.
യു.എൻ നിർദേശത്തോട് ഇസ്രായേൽ അടിയന്തരമായി പ്രതികരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ യു.എൻ ഡയറക്ടർ ലൂയിസ് ചാർബണോ ആവശ്യപ്പെട്ടു. പ്രമേയം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുെട്ടറസ് ആവശ്യപ്പെട്ടു. ഗസ്സ വിഷയത്തിൽ രണ്ടുതവണ രക്ഷാസമിതി പ്രമേയം പാസാക്കിയിട്ടുണ്ടെങ്കിലും ഒന്നുപോലും വെടിനിർത്തൽ ആവശ്യപ്പെടുന്നതായിരുന്നില്ല.
അതിനിടെ, 24 മണിക്കൂറിനിടെ 107 ഫലസ്തീനികൾ കൊല്ലപ്പെടുകയും 176 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഗസ്സയിൽ മരണസംഖ്യ 32,333 ആയി. പരിക്കേറ്റവർ 74,694 ആണ്. ഗസ്സ സിറ്റിയിലും തെക്കൻ ഗസ്സയിലും ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ 50ലേറെ പേർ കൊല്ലപ്പെട്ടു.
ദെയ്റുൽ ബലഹിൽ ഒരു കുടുംബത്തിലെ 22 പേർ ഇസ്രായേൽ ബോംബിങ്ങിൽ കൊല്ലപ്പെട്ടു. റഫയിൽ 24 മണിക്കൂറിനിടെ 30 പേരെ ഇസ്രായേൽ സേന വധിച്ചതായി ഫലസ്തീൻ ആരോഗ്യ വകുപ്പ് അറിയിച്ചു.