കല്‍പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ നേരത്തെ സസ്പെൻഡ് ചെയ്ത്, പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സസ്പെൻഷൻ. ഇത് സംബന്ധിച്ച ഉത്തരവ് ഡീൻ പുറത്തുവിട്ടു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലിനു പിന്നാലെ ആണ് നടപടി.
ഏഴ് പ്രവൃത്തി ദിനങ്ങളിലേക്കാണ് സസ്പെൻഷൻ. 33 വിദ്യാർത്ഥികളെയും കുറ്റവിമുക്തരാക്കി വിസി ഇറക്കിയ ഉത്തരവ് പിൻവലിച്ചാണ് സസ്‌പെൻഷൻ. വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോളേജില്‍ നിന്ന് റാഗിങിന്‍റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് 33 വിദ്യാര്‍ത്ഥികളെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ 31 പേര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. സിദ്ധാര്‍ത്ഥനെ വിചാരണ ചെയ്യുകയോ മര്‍ദിക്കുകയോ ചെയ്യാത്തവരാണ് ഇവരെന്ന് ആന്റി റാഗിംഗ് സെല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഭവസമയം ഹോസ്റ്റലില്‍ ഉണ്ടായിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍. നടപടി കാലാവധി പൂര്‍ത്തിയായതോടെ ഇവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് സസ്‌പെന്‍ഷന്‍ വി സി പിന്‍വലിച്ചു. ഇവരെ കുറ്റവിമുക്തര്‍ ആക്കുകയും ചെയ്തു . ഇത് രാഷ്ട്രീയ വിവാദമായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിസി കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു. വിഷയത്തില്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടുകയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി റദ്ദാക്കുകുയും ചെയ്തു.