ആലപ്പുഴയില്‍ നിന്നും ജയിക്കാനായാൽ ശോഭയെ കേന്ദ്രമന്ത്രിയാക്കും : കെ സുരേന്ദ്രന്‍

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ ജയിച്ചാല്‍ ശോഭ കേന്ദ്രമന്ത്രിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയായതോടെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഉറക്കം നഷ്ടപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ വനിതകള്‍ക്ക് ലോക്‌സഭയിലേക്ക് ടിക്കറ്റ് കൊടുത്ത പാര്‍ട്ടി ബിജെപിയാണ്. കെ സി വേണുഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നിട്ടും ആലപ്പുഴയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫ് ശബരിമലയിലേക്ക് യുവതികളെ കേറ്റിവിടാന്‍ നേതൃത്വം നല്‍കിയ ആളാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

ബിജെപി അഞ്ചാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച രാഹുല്‍ ഗാന്ധിയെ നേരിടുന്നത് മണ്ണില്‍ ചവിട്ടി വളര്‍ന്ന് നേതാവായ കെ.സുരേന്ദ്രനാണെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം ശോഭാ സുരേന്ദ്രനും പ്രതികരിച്ചിരുന്നു.

Read more : ഹോളി ദിനത്തിൽ മധ്യപ്രദേശിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ വൻ തീപിടിത്തം : 14 പുരോഹിതർക്ക് പരിക്ക്

ആലത്തൂരില്‍ ഡോ. ടി എന്‍ സരസുവും എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനും കൊല്ലത്ത് ജി കൃഷ്ണകുമാറുമാണ് ഇന്ന് കേരളത്തിലെ സീറ്റുകളില്‍ ബിജെപി പ്രഖ്യാപിച്ച മറ്റ് സ്ഥാനാര്‍ത്ഥികള്‍.