പാലക്കാട് : തിരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ തപാൽവോട്ട് ഇത്തവണ മുതൽ റിട്ടേണിങ് ഒാഫിസറുടെ(ആർഒ) ഒാഫിസിൽ നേരിട്ടു ചെയ്യണം. തപാലിൽ ലഭ്യമാക്കുന്ന ബാലറ്റിൽ, വോട്ടുരേഖപ്പെടുത്തി റിട്ടേണിങ് ഒാഫിസർക്കു തിരിച്ചയക്കുന്ന രീതിക്കാണു മാറ്റം. നിർദ്ദേശമനുസരിച്ചു ആർഒ ഒാഫിസിൽ തയാറാക്കുന്ന പ്രത്യേക കേന്ദ്രത്തിൽനിന്നു ബാലറ്റ് കൈപറ്റി വോട്ടുരേഖപ്പെടുത്തി അവിടെതന്നെ നിക്ഷേപിക്കണമെന്നാണ് തിരഞ്ഞെടുപ്പുകമ്മിഷൻ നിർദ്ദേശം. പൊതു വോട്ടെടുപ്പിനു മൂന്നു ദിവസം മുൻപുമുതൽ ഇത്തരത്തിൽ നേരിട്ടുവോട്ടു ചെയ്യാം.
പാർട്ടികളുടെയും, സ്ഥാനാർഥികളുടെയും പ്രതിനിധികൾക്കു ഇതിനു സാക്ഷിയാകാം. മുഴുവൻ നടപടിയും കമ്മിഷൻ വീഡിയോവിൽ പകർത്തും. എന്നാൽ, പുതിയ നിർദ്ദേശം ജീവനക്കാർക്കിടയിൽ ആശയക്കുഴപ്പവും ആശങ്കയും ഉയർത്തിയിട്ടുണ്ട്. അന്യജില്ലയിൽ ഡ്യൂട്ടിയുള്ളവർക്കു വോട്ട്ചെയ്യാൻ കഴിയാതെ വരുമെന്നാണ് പ്രധാന ആശങ്ക. നടപടിക്രമങ്ങളുടെ തിരക്കിനും യാത്രക്കുമിടയിൽ ആർഒ ഒാഫിസിലെത്തി വോട്ടുരേഖപ്പെടുത്തൽ പ്രായോഗികമല്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
Read more : ആലപ്പുഴയില്‍ നിന്നും ജയിക്കാനായാൽ ശോഭയെ കേന്ദ്രമന്ത്രിയാക്കും : കെ സുരേന്ദ്രന്‍
അന്തിമ വോട്ടർപട്ടിക പലപ്പോഴും വോട്ടെടുപ്പിന്റെ തലേദിവസം ലഭിക്കുന്നതും നടപടികൾക്കു തടസമാകും. അതിനാൽ നിർദ്ദേശത്തിൽ മാറ്റങ്ങൾ വേണമെന്നും വോട്ടുരേഖപ്പെടുത്താൻ നിയമസഭാമണ്ഡലം തലത്തിൽ സൗകര്യമൊരുക്കണമെന്നുമാണ് ആവശ്യം. പുതിയ നിർദ്ദേശം സംബന്ധിച്ചു കൊല്ലം, കൊച്ചി, കോഴിക്കോട് മേഖലാ യോഗങ്ങളിൽ ഉയർന്ന ആശങ്കയും നിർദ്ദേശവും കമ്മിഷനെ ജില്ലകളിലെ അധികൃതർ രേഖാമൂലം അറിയിച്ചതായാണ് വിവരം. ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കി ജീവനക്കാർക്കു വോട്ടു രേഖപ്പെടുത്താനുള്ള സംവിധാനം വേണമെന്നാണ് ആവശ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തപാൽവോട്ടുസംബന്ധിച്ചുണ്ടായ ആരോപണങ്ങളാണു പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് വിവരം. പൊലീസുകാരുടെ തപാൽവോട്ടാണ് രാഷ്ട്രീയവിവാദമായത്. സംഘടനാനേതാക്കൾ ബാലറ്റുകൾ ഒരുമിച്ച് ശേഖരിച്ച്, വോട്ടുരേഖപ്പെടുത്തി ഒരുമിച്ചു റിട്ടേണിങ് ഒാഫിസർമാർക്കു നൽകിയതായി ആരോപണമുയർന്നു. ബാലറ്റ് സാക്ഷ്യപ്പെടുത്തിയതിലും അപാകതയുണ്ടായിരുന്നു .സംഭവത്തിൽ അന്വേഷണം നടന്നു.
സൈനികർ, അർധസേനാംഗങ്ങൾ, വിചാരണതടവുകാർ, കരുതൽ തടങ്കലിലുളളവർ എന്നിവർക്ക് തപാൽവോട്ട് മുൻപത്തെപോലെ തുടരും. സൈനികർക്ക് ഈമെയിൽവഴിയാണ് ബാലറ്റ് പേപ്പർ നൽകുക. അതു പ്രിന്റടുത്ത് വോട്ടുരേഖപ്പെടുത്തി നടപടിക്രമങ്ങൾ പാലിച്ച് തപാലിൽ തിരഞ്ഞെടുപ്പ് അധികൃതർക്ക് അയയ്ക്കും.