കൊച്ചി: സംസ്ഥാനത്ത് 15 വര്‍ഷം പഴക്കമുള്ള കെഎസ്‌ആര്‍ടിസി ബസുകളുടെ രജിസ്ട്രേഷനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ നീട്ടുന്നത് ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി.തൊടുപുഴ സ്വദേശി കെ. എസ്. ബിനു സമര്‍പ്പിച്ച പൊതുതാത്പ്പര്യ ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റീസ് എ.ജെ. ദേശായി, ജസ്റ്റിസ് വി. ജി. അരുണ്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശം നല്‍കി.
വാഹനങ്ങളുടെ കാലപ്പഴക്കം നിശ്ചയിക്കുന്നതും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും സംബന്ധിച്ച വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിധിയിലാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ രജിസ്‌ട്രേഷനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും നീട്ടാനുള്ള സംസ്ഥാനത്തിന്റെ നടപടി നിയമവിരുദ്ധവും നിയമത്തിന്റെ അധികാരമില്ലാത്തതുമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.
2023 മാര്‍ച്ച് 31 ന് 15 വര്‍ഷം തികയുകയോ 2024 സപ്തം. 30 ന് 15 വര്‍ഷം തികയുകയോ ചെയ്യുന്ന കെഎസ്‌ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള എല്ലാ വാഹനങ്ങളുടെയും ഫിറ്റ്നസ്, രജിസ്ട്രേഷന്‍, പെര്‍മിറ്റ് എന്നിവ സംസ്ഥാനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
രജിസ്ട്രേഷനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും നീട്ടുന്നത് മലിനീകരണം വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല, യാത്രക്കാരുടെ സുരക്ഷയെയും ബാധിക്കുമെന്നും പൊതുതാത്പ്പര്യ ഹര്‍ജിയില്‍ പറയുന്നു. ഇത്തരം നടപടികള്‍ അപകടങ്ങളും മലിനീകരണവും വര്‍ധിപ്പിക്കുമെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താല്‍ 15 വര്‍ഷം പിന്നിട്ട കെഎസ്‌ആര്‍ടിസി വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് സംബന്ധിച്ച് പരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ജൂണ്‍ 10 ന് വീണ്ടും പരിഗണിക്കാന്‍ ഡിവിഷന്‍ ബെഞ്ച് മാറ്റി.