മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് കുഞ്ഞിനെ മര്‍ദ്ദിക്കാന്‍ കാരണമെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. മുഹമ്മദ് ഫായിസിന്റെ ബന്ധുക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നതുള്‍പ്പടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
ക്രൂരമായ മര്‍ദ്ദനമേറ്റതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. തലച്ചോര്‍ ഇളകിയ നിലയില്‍ ആിരുന്നു. വാരിയെല്ല് പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു. ഇതിന് മുൻപ് തന്നെ കുട്ടിയെ ഫായിസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ഭാര്യയും ഇവരുടെ ബന്ധുക്കളും രംഗത്ത് വന്നിരുന്നു.
നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കാളികാവ് പോലീസ് കേസെടുത്തിരിക്കുന്നത്. ഉടന്‍ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ മുഹമ്മദ് ഫായിസ് നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഫായിസ് നിരന്തരം ഉപദ്രവിക്കുന്നതിനാല്‍ ഭാര്യ ഷഹാനത്തും മക്കളും സ്വന്തം വീട്ടിലാണ് ഏറെ നാളായി കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ഇവരെ ഫായിസ് നിര്‍ബന്ധിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. നേരത്തെ ഫായിസിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഷഹാനത്തിനെയും കുഞ്ഞിനേയും ഉപദ്രവിച്ചിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.