സീറ്റ് വിഭജന തര്‍ക്കം രൂക്ഷമായതിനാൽ ഭരണസഖ്യത്തില്‍ നിന്നും പിന്‍മാറും : അജിത് പവാര്‍ വിഭാഗത്തിന്‍റെ ഭീഷണി

മുംബൈ: സീറ്റ് വിഭജന തർക്കം രൂക്ഷമായതോടെ ശിവസേനയുടെ മുതിർന്ന നേതാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി അജിത് പവാര്‍ വിഭാഗം രംഗത്തെത്തി. അല്ലാത്ത പക്ഷം മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തിൽ നിന്ന് പുറത്തുപോകുമെന്ന് ഭീഷണി മുഴക്കി.

പവാര്‍ കുടുംബത്തിന് സ്വാധീനമുള്ള ബാരാമതി ലോക്സഭാ സീറ്റിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. എന്‍സിപി ശരദ് പവാര്‍ പക്ഷം ബാരാമതിയിൽ പവാറിൻ്റെ മകൾ സുപ്രിയ സുലെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഭാര്യ സുനേത്ര പവാറിനെ സുപ്രിയക്കെതിരെ നിര്‍ത്താനായിരുന്നു അജിത് പവാറിന്‍റെ തീരുമാനം. എന്നാല്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന നേതാവായ വിജയ് ശിവ്‍താരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഷിന്‍ഡെ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ രാജവംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ശിവ്‍താരെയുടെ ആരോപണം. ഇതോടെ ശിവ്‍താരയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അജിത് പവാര്‍ വിഭാഗം രംഗത്തെത്തുകയായിരുന്നു. “ഉപമുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച ശിവതാരയ്‌ക്കെതിരെ ഞങ്ങൾ നടപടി ആവശ്യപ്പെട്ടിരുന്നു.ഇന്ന് അദ്ദേഹം വീണ്ടും നമ്മുടെ നേതാവിനെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചു. അദ്ദേഹത്തെ പുറത്താക്കുക മാത്രമാണ് ഇതിനൊരു പരിഹാരം. അല്ലാത്തപക്ഷം മഹായുതി സഖ്യം വിടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്” എന്‍.സി.പി വക്താവ് ഉമേഷ് പാട്ടീലിന്‍റെ വാക്കുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more : മസാലബോണ്ട് കേസ് : ഇഡി സമന്‍സില്‍ തോമസ് ഐസകിന്റേയും കിഫ്ബിയുടേയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഒരു ഡസനിലധികം സീറ്റുകളിലെ തര്‍ക്കം കാരണം ബി.ജെ.പി-സേന-എൻ.സി.പി സഖ്യത്തിൻ്റെ സീറ്റ് വിഭജനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മുന്നണി നേതാക്കൾ തമ്മിൽ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. “അര ഡസനിലധികം സീറ്റുകളിൽ ബി.ജെ.പിയും ശിവസേനയും അവകാശവാദം ഉന്നയിക്കുന്നു, മറ്റു ചിലതിൽ അത് ശിവസേനയും എൻ.സി.പിയും തമ്മിലാണ്,” ഒരു ബി.ജെ.പി നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ പ്രതിനിധീകരിക്കുന്ന കല്യാണാണ് തര്‍ക്കത്തിലുള്ള പ്രധാന സീറ്റുകളിലൊന്ന്. ഇവിടെ മത്സരിക്കണമെന്നാണ് ബി.ജെ.പി നേതാക്കളുടെ ആവശ്യം. ബി.ജെ.പിയും ഷിന്‍ഡെ വിഭാഗവും അവകാശവാദമുന്നയിക്കുന്ന താനെ, പാൽഘർ ലോക്‌സഭാ സീറ്റുകളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എൻ.സി.പി രാജിഭീഷണി മുഴക്കിയതിനെ തുടർന്ന് ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കൾ തമ്മിൽ വീണ്ടും കൂടിക്കാഴ്ച നടത്തിയിരുന്നു.