ഗസ്സ: ഇസ്രായേൽ ഉപരോധത്തിലും യുദ്ധത്തിലും വലയുന്ന ഗസ്സയിലെ ജനതക്ക് സഹായഹസ്തവുമായി ബ്രിട്ടനും. ആദ്യഘട്ടമായി 10 ടൺ ഭക്ഷ്യവസ്തുകൾ എയർഡ്രോപ്പ് ചെയ്തു. ഇതാദ്യമായാണ് ബ്രിട്ടൻ ഗസ്സയിൽ എയർഡ്രോപ്പ് ചെയ്യുന്നത്.
റോയൽ എയർഫോഴ്‌സ് വിമാനത്തിൽ തിങ്കളാഴ്ചയാണ് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തത്. വെള്ളം, അരി, പാചക എണ്ണ, ഭക്ഷ്യ മാവ്, ടിൻ സാധനങ്ങൾ, ബേബി ഫുഡ് എന്നിവ ഗസ്സയുടെ വടക്കൻ തീരപ്രദേശത്ത് നൽകി. സഹയാവസ്തുക്കളുമായി ജോർദാനിലെ അമ്മാനിൽ നിന്നാണ് RAF A400M വിമാനം പറന്നുയർന്നതെന്ന് യു.കെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന രക്ഷാസമിതി പ്രമേയത്തെ യു.കെ പിന്തുണച്ച അതേ ദിവസമാണ് എയർഡ്രോപ്പ് നടത്തിയത്.
ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം ബ്രിട്ടൻ ഉൾപ്പെടെ 14 രാജ്യങ്ങൾ പിന്തുണച്ചിരുന്നു. അമേരിക്ക വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി. റമദാനിൽ വെടിനിർത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും അടിയന്തരമായി നിരുപാധികം വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു.
Read More : വയറ്റിൽ കത്രിക മറന്നു വെച്ച സംഭവം : സൗജന്യ തുടർചികിത്സ വേണമെന്ന ആവശ്യവുമായി ഹർഷിന
ഇസ്രായേലിന് അനുകൂലമായി ഇതുവരെയും തുടർന്ന നിലപാട് മാറ്റി യു.എസ് വീറ്റോ ചെയ്യാതെ വിട്ടുനിൽക്കുകയായിരുന്നു. ഇതോടെയാണ് 15 സ്ഥിരാംഗങ്ങളിൽ 14 പേരുടെയും പിന്തുണയോടെ ഗസ്സ വെടിനിർത്തൽ പ്രമേയം ആദ്യമായി രക്ഷാസമിതി കടന്നത്.