പ്രേക്ഷകർക്ക് എന്നും ഓർക്കാൻ ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളത്തിന്റെ അനശ്വര നടൻ ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട്. സിനിമാ പ്രേക്ഷകർക്ക് ഒരായുഷ്‌കാലം മുഴുവൻ ഒർത്തെടുത്തെടുക്കാനുള്ള വക നൽകിയാണ് കഴിഞ്ഞ വർഷം മാർച്ച് 26ന് ഇന്നസെന്റ് വിടവാങ്ങിയത്. അറുന്നൂറിലധികം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിങ്, മണിച്ചിത്രത്താഴ്, കാബൂളിവാല. വിയറ്റ്‌നാം കോളനി, കിലുക്കം, കാക്കക്കുയിൽ, പശുപതി, വേഷം, ദേവാസുരം, രാവണപ്രഭു, മിഥുനം തുടങ്ങി നിരവധി സിനിമകളിലൂടെ ഒട്ടനവധി കഥാപാത്രങ്ങളെ ഇന്നസെന്‍റ് മലയാളിക്ക് സമ്മാനിച്ചു.
തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ടും വേറിട്ട ശരീരഭാഷ കൊണ്ടും മലയാള സിനിമ ഇന്നോളം കാണാത്ത സ്വതസിദ്ധമായൊരു അഭിനയശൈലി കൊണ്ടും ഇന്നച്ചൻ എന്ന സിനിമാ ലോകം സ്‌നേഹലാളനയോടെ വിളിക്കുന്ന ഇന്നസെന്റ് മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ മൂന്നുപതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന താരമാണ് ഇന്നസെന്റ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ നടന്‍ എന്നതിനപ്പുറം അതിജീവനപ്പോരാളി കൂടിയായിരുന്നു ഇന്നസെന്റ്. അര്‍ബുദരോഗമുക്തിക്ക് പിന്നാലെ അര്‍ബുദ അവബോധരംഗത്തും ശ്രദ്ധേയനായി. അര്‍ബുദ അതിജീവനത്തെക്കുറിച്ച് പുസ്തകമെഴുതി, ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’.
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട താലൂക്കിലെ ചിറയ്ക്കൽ പഞ്ചായത്തിൽ തെക്കേത്തല വറീതിൻ്റെയും മർഗലീത്തയുടേയും മകനായി 1948 ഫെബ്രുവരി 28നാണ് ഇന്നസെന്റ് ജനിക്കുന്നത്. വറീത്-മർഗലീത്ത ദമ്പതികളുടെ എട്ടുമക്കളിൽ അഞ്ചാമനും ആണ്മക്കളിൽ മൂന്നാമനുമായിരുന്നു അദ്ദേഹം. ഡോ. കുര്യാക്കോസ്, സെലീന, പൗളി, സ്റ്റെൻസിലാവോസ്, അഡ്വ. വെൽസ്, ലിണ്ട, ലീന എന്നിവരായിരുന്നു സഹോദരങ്ങൾ. ലിറ്റിൽ ഫ്ലവർ കോൺവൻ്റ് ഹൈസ്കൂൾ, നാഷണൽ ഹൈസ്കൂൾ, ഡോൺ ബോസ്കോ എസ്.എൻ.എച്ച്.എസ് എന്നിവിടങ്ങളിൽ പഠനം. എട്ടാം ക്ലാസിൽ വച്ച് പഠനമുപേക്ഷിച്ച് അഭിനയമോഹവുമായി മദ്രാസിലേക്ക് തിരിച്ചു. സിനിമയിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിട്ടാണ് ഇന്നസെന്റ് തുടക്കം കുറിക്കുന്നത്. 1972-ൽ റിലീസായ നൃത്തശാലയാണ് ആദ്യ സിനിമ. പിന്നീട് ഉർവ്വശി ഭാരതി, ഫുട്ബോൾ ചാമ്പ്യൻ, നെല്ല് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയവേഷങ്ങൾ ചെയ്തു. സിനിമകളിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ കർണാടകയിലെ ദാവൻഗരെയിലേക്ക് പോയി തീപ്പെട്ടിക്കമ്പനി നടത്തിയെങ്കിലും അത് സാമ്പത്തികപരമായി വിജയിച്ചില്ല. തുടർന്ന് ചെറുകിട ജോലികൾ ചെയ്ത് മദ്രാസിൽ തുടർന്നു.
സിനിമയിലെ തുടക്കകാലത്ത് തന്നെ ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് ശത്രു കമ്പയിൻസ് എന്ന നിർമ്മാണക്കമ്പനി ആരംഭിച്ചു. ശത്രു കമ്പയിൻസ് ബാനറിൽ ഇളക്കങ്ങൾ, വിടപറയും മുൻപേ, ഓർമ്മക്കായി, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ ഇന്നസെന്റ് നിർമ്മിച്ചു. നിർമ്മാണക്കമ്പനി സാമ്പത്തികബാധ്യത നേരിട്ടതോടെ ഇന്നസെൻറ് ആ ശ്രമം ഉപേക്ഷിച്ച് വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വന്നു. ഇടക്കാലത്ത് ഇടതുപക്ഷ പാർട്ടിയായ ആർ.എസ്.പിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായും 1979 മുതൽ 1983 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചു.
ഭരതൻ സംവിധാനം ചെയ്ത് 1982-ൽ റിലീസായ ഓർമ്മക്കായി എന്ന സിനിമയിലെ കഥാപാത്രമാണ് ഇന്നസെൻറിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. തൃശൂർ ഭാഷയിൽ ഇന്നസെൻ്റ് ആദ്യമായി സംസാരിക്കുന്നതും ഈ സിനിമയിലാണ്. പിന്നീടങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത നിരവധി ചിത്രങ്ങളാണ് മലയാളികൾക്ക് ഇന്നസെന്റ് സമ്മാനിച്ചത്. സിനിമയിലെ തൃശൂർ ഭാഷ ഇന്നസെൻറായി പരിണമിച്ചതും അക്കാലത്താണ്. മലയാള സിനിമകളിൽ ഇന്നസെൻ്റ് – കെപിഎസി ലളിത എന്നിവർ ജനപ്രിയ ജോഡികളുമായി. ഏകദേശം ഇതുവരെ 750-ലധികം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച ഇന്നസെൻ്റ് മലയാള സിനിമയിലെ മികച്ച ഹാസ്യതാരങ്ങളിൽ ഒരാളായി മാറി.
1986 മുതലാണ് ഇന്നസെൻറ് സിനിമകളിൽ സജീവമാകുന്നത്. 1989-ൽ റിലീസായ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലെ മാന്നാർ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ സൃഷ്ടിക്കാനും ഇന്നസെന്റിനു സാധിച്ചു. തുടർന്ന് ഗജകേസരിയോഗം, ഗോഡ്ഫാദർ, കിലുക്കം, വിയറ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല എന്നിങ്ങനെ അനവധി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇന്നസെൻറിന് കഴിഞ്ഞു. കോമഡി റോളുകളും സീരിയസ് റോളുകളും ഒരേപോലെ കൈകാര്യം ചെയ്യുന്ന നടനാണ് ഇന്നസെൻ്റ്. വെള്ളിത്തിരയിൽ അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മനസിൽ എന്നെന്നും നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. കോമഡി റോളുകളിലെ അഭിനയമാണ് ഇന്നസെൻറിനെ ജനപ്രിയ നടനാക്കി മാറ്റിയത്.
1995-ൽ താരസംഘടനയായ അമ്മയുടെ ആദ്യ സംസ്ഥാന പ്രസിഡൻറായിരുന്ന എം.ജി.സോമൻ 1997-ൽ അന്തരിച്ചതിനെ തുടർന്ന് പ്രസിഡൻറായ മധു 2002-ൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് അമ്മയുടെ പ്രസിഡൻറായത് ഇന്നസെൻറ് ആയിരുന്നു. നീണ്ട 16 വർഷം പ്രസിഡൻ്റ് സ്ഥാനത്തിരുന്ന് അമ്മയെ നയിച്ച ഇന്നസെൻ്റ് സംഘടനയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു. 2018-ൽ മോഹൻലാലിന് പ്രസിഡൻറ് സ്ഥാനം കൈമാറിയപ്പോൾ ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന കേരളത്തിലെ മികച്ച താരസംഘടന എന്ന നിലയിലേക്ക് അമ്മ വളർന്നിരുന്നു.
ഇടതുപക്ഷ ആശയങ്ങളോട് എന്നും അനുഭാവം പുലർത്തിയ ഇന്നസെൻറ് 2014-ലെ പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചാലക്കുടി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. കോൺഗ്രസ് നേതാവായിരുന്ന പി.സി.ചാക്കോയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായ ഇന്നസെൻ്റ് 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസിലെ ബെന്നി ബഹ്നാനോട് പരാജയപ്പെട്ടു
ഇന്നസെന്റ് എന്നാല്‍ ഹാസ്യ നടന്‍ മാത്രം ആയിരുന്നില്ല. ഫസ്റ്റ് ക്ലാസ് വില്ലനും കൂടിയായിരുന്നു. കാതോടുകാതോരത്തിലെ റപ്പായി, കേളിയിലെ ലാസര്‍, പൊന്മുട്ടയിടുന്ന താറാവിലെ പണിക്കര്‍, മഴവില്‍ക്കാവടിയിലെ ശങ്കരന്‍കുട്ടി, തസ്‌കരവീരനിലെ ഈപ്പച്ചന്‍ തുടങ്ങി എണ്ണം പറഞ്ഞ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ വില്ലന്‍ സങ്കല്‍പ്പത്തെ തന്നെ പൂർണ്ണമായി മാറ്റിയെഴുതാൻ ഇന്നസെന്റിനു സാധിച്ചു.
ജീവിതാനുഭവങ്ങളില്‍ ഇന്നസെന്റ് എന്നും ഒന്നാമത് തന്നെയായിരുന്നു. ആരുടേയും മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കഥകള്‍ നര്‍മത്തില്‍ ചാലിച്ച് എഴുതുന്ന ഇന്നസെന്റിനെ ‘എഴുതാത്ത ബഷീര്‍’ എന്നാണ് സത്യന്‍ അന്തിക്കാട് വിശേഷിപ്പിച്ചത്. ചിരിക്കുപിന്നില്‍ എന്ന ആത്മകഥയ്‌ക്കുള്ളില്‍ അനുഭവ തീക്ഷ്ണത അത്രയും അക്ഷരങ്ങളായി വേരുറപ്പിക്കാൻ അദേഹത്തിന് കഴിഞ്ഞു. ‘ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്‍കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം എന്ന് പറഞ്ഞുവച്ചൂ ഇന്നസെന്റ്.
അഞ്ച് പതിറ്റാണ്ടിന്റെ സിനിമ ജീവിതം അവസാനിപ്പിച്ച് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ കടന്നുപോയപ്പോൾ ബാക്കിയാക്കിയത് ഒരു വലിയ ചിരിയുടെ നഷ്ടം തന്നെ ആയിരുന്നു. തമാശകൾ പറഞ്ഞു കൊണ്ട് ഇന്നസെന്റ് ചിരിക്കുമായിരുന്ന അതേ ചിരി. അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകര്‍ന്ന വിഖ്യാതനടന്‍, താൻ സമ്മാനിച്ച കഥാപാത്രങ്ങളിലൂടെ, പകർന്നു നൽകിയ ആത്മവിശ്വാസത്തിലൂടെ ഓരോ മലയാളികളുടെയും മനസ്സിൽ എന്നും ജീവിക്കും.