ആപ്പിളിനെതിരെ നിയമനടപടിയുമായി വന്നിരിക്കുകയാണ് യുഎസ് നീതി വകുപ്പ്. വിപണിയിലെ ആധിപത്യം ആപ്പിള്‍ കുത്തകയാക്കുന്നുവെന്നും മത്സര വിരുദ്ധവും നിയമവിരുദ്ധവുമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നും ആരോപിച്ചാണ് യുഎസ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ആപ്പിളിന്റെ മത്സര വിരുദ്ധ പെരുമാറ്റത്തില്‍ നിന്ന് സ്മാര്‍ട്‌ഫോണ്‍ വിപണിയെ മോചിപ്പിക്കുകയാണ് പരാതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് പറയുന്നു. ആപ്പിളിന്റെ സോഫ്റ്റ് വെയറുകളിലും ഹാര്‍ഡ് വെയറുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് ഈ ആരോപണങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്. ആപ്പിളിന്റെ പ്രവര്‍ത്തന രീതിയില്‍ വിവിധങ്ങളായ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നതാണ് യുഎസിന്റെ പരാതി.
ആധിപത്യം നിലനിര്‍ത്താന്‍ പുതിയ കണ്ടെത്തലുകളെ കമ്പനി തടസപ്പെടുത്തുകയാണ്. ആപ്പിള്‍ ശക്തരായിരിക്കുന്നതിന് കാരണം അവര്‍ ശ്രേഷ്ടമായതുകൊണ്ടല്ല മറിച്ച് നിയമവിരുദ്ധമായ പെരുമാറ്റം കൊണ്ടാണെന്നും ഒരു യുഎസ് അറ്റോര്‍ണി ജനറല്‍ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ആപ്പിളിനെ ആന്‍ഡ്രോയിഡ് ആക്കിമാറ്റാനാണ് യുഎസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആപ്പിള്‍ പറയുന്നു. വസ്തുതാപരമായും നിയമപരമായും പരാതി ശരിയല്ലെന്നും കമ്പനി പറഞ്ഞു.
ഞങ്ങള്‍ ആരാണ് എന്നതിനെയും ആപ്പിള്‍ ഉല്‍പന്നങ്ങളില്‍ ഞങ്ങള്‍ കല്‍പിക്കുന്ന മൂല്യങ്ങളേയും ചോദ്യം ചെയ്യുകയാണ് പരാതിയിലൂടെ. അതില്‍ അവര്‍ വിജയിച്ചാല്‍ ഹാര്‍ഡ് വെയറോ, സോഫ്റ്റ് വെയറോ മറ്റ് സേവനങ്ങളോ ആകട്ടെ, ആപ്പിളില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിക്കുന്ന തരം സാങ്കേതിക വിദ്യകള്‍ നിര്‍മിക്കാനുള്ള ഞങ്ങളുടെ കഴിവിനെ അത് ബാധിക്കും. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക വിദ്യ രൂപകല്‍പന ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഇടപെടുന്നത് അപകടകരമായ മാതൃക സൃഷ്ടിക്കുമെന്നും ആപ്പിള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഐമേസേജ്, സിരി എന്നിവയിലേക്ക് മറ്റ് കമ്പനികളുടെ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍, ആന്‍ഡ്രോയിഡ് ഉള്‍പ്പടെ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള വാച്ചുകള്‍ക്ക് ഐഫോണില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍, പുതിയ ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തല്‍, തേഡ് പാര്‍ട്ടി ഡിജിറ്റല്‍ വാലറ്റുകള്‍ക്കുള്ള നിയന്ത്രണം, എന്‍എഫ്‌സി ടാപ് റ്റു പേ സേവനം ഉപയോഗിക്കുന്നതില്‍ നിന്ന് മറ്റ് പേമെന്റ് സേവനദാതാക്കളെ തടയല്‍, ക്രോസ് പ്ലാറ്റ്‌ഫോം മെസേജിങിന് തടസം നില്‍ക്കല്‍ തുടങ്ങി ആപ്പിളിന്റെ വിവിധ പ്രവര്‍ത്തന രീതികള്‍ യുഎസ് പരാതിയില്‍ ചോദ്യം ചെയ്യുന്നു.
ആപ്പിളിന്റെ ഈ പ്രവര്‍ത്തന രീതികള്‍ ഉപഭോക്താക്കളെ പുറത്തുപോവാന്‍ അനുവദിക്കാതെ ആപ്പിള്‍ സേവനങ്ങള്‍ക്കുള്ളില്‍ തളച്ചിടാനുള്ള ശ്രമമാണെന്നാണ് യുഎസ് ഭരണകൂടം പരാതിയില്‍ പറഞ്ഞുവെക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്കും ഡെവലപ്പര്‍മാര്‍ക്കുമുള്ള ചെലവ് വര്‍ധിപ്പിക്കുന്നുവെന്നും യുഎസ് ചൂണ്ടിക്കാണിക്കുന്നു.