കാളികാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിൻ്റെ കൊലപാതകം : പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം: കാളികാവ് ഉദരംപൊയിലിൽ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലക്കുറ്റം ചുമത്തിയാണ് മുഹമ്മദ് ഫായിസിനെതിരെ കാളികാവ് പൊലീസ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിക്രൂരമായ മർദനത്തെ തുടർന്നാണ് ഫാത്തിമ നസ്‌റിൻ മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

കുട്ടിയുടെ അമ്മ ഷഹാനത്തിനെയും ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. ഇതിനെതിരെ പരാതി നൽകിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പരാതിയുമായി ചെന്നപ്പോൾ സ്റ്റേഷനിൽനിന്ന് ആട്ടിയിറക്കുകയാണ് ചെയ്തതെന്നു കുടുംബം ആരോപിച്ചു. ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് പൊലീസ് പറഞ്ഞത്. ആ സമയത്തുതന്നെ പൊലീസ് നടപടി എടുത്തിരുന്നെങ്കിൽ കുട്ടിയെ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്ന് മാതാവിൻറെ സഹോദരി റെയ്ഹാനത്ത് പറഞ്ഞു.

Read More : രേഖകൾ സമര്‍പ്പിക്കുന്നതിൽ പിഴവ് ; കൊണ്ടോട്ടിയിൽ 480 പേര്‍ക്ക് വിധവ പെന്‍ഷന്‍ മുടങ്ങി

കഴിഞ്ഞ ദിവസമാണ് കാളികാവ് ഉദരംപൊയിലിൽ രണ്ടര വയസുകാരി ഫാത്തിമ നസ്‌റിനെ പിതാവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. തലയിൽ രക്തം കട്ടപിടിക്കുകയും വാരിയെല്ല് പൊട്ടുകയും ചെയ്തതായി പരിശോധനയിൽ വ്യക്തമായി. തലച്ചോർ ഇളകിയ നിലയിലുമായിരുന്നു. കഴുത്തിലും മുഖത്തുമടക്കം മർദനമേറ്റതിന്റെ പാടുകളുമുണ്ട്.

ബോധരഹിതയായ കുഞ്ഞിനെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പാർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിയെ വിശദമായി ചോദ്യംചെയ്യും. കുട്ടിക്ക് മർദനമേറ്റ ഫായിസിന്റെ മലപ്പുറം കാളികാവിലെ വീട് പൊലീസ് സീൽ ചെയ്തിട്ടുണ്ട്.