തിരുവനന്തപുരം:നെല്ലുസംഭരണ താങ്ങുവിലയിൽ കേരളത്തിന് ലഭിക്കേണ്ടതിൽ ഒരു ഭാഗം മാത്രമായ 852 കോടി രൂപ അനുവദിച്ച് കേന്ദ്രം.2023–24 സംഭരണ വർഷത്തിലെ കണക്കുകൾ പൂർണമായിട്ടില്ല.5 വർഷം മുൻപ് വരെയുള്ളത് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 2019–20, 2020–21 വർഷങ്ങളിൽ ലഭിക്കേണ്ട 116 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.
കേന്ദ്ര സർക്കാരിന്റെ സാങ്കേതിക സംവിധാനത്തിലെ പിഴവു മൂലം വന്ന പിശകിന്റെ പേരിലാണു തുക തടഞ്ഞു വച്ചതെന്ന സംസ്ഥാനത്തിന്റെ വാദം ചർച്ചകളിൽ കേന്ദ്രം സമ്മതിച്ചു.2022–23 സാമ്പത്തിക വർഷം വരെയുള്ള കണക്ക് അനുസരിച്ച് ഇനിയും 756.25 കോടി രൂപ ലഭിക്കാനുണ്ട്.
നെല്ലു സംഭരണത്തിൽ കേന്ദ്ര കുടിശിക മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും തമ്മിൽ ഒട്ടേറെ വാദപ്രതിവാദങ്ങൾക്ക് കാരണമായിരുന്നു. മന്ത്രി ജി.ആർ.അനിലും ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയെയും ഉദ്യോഗസ്ഥരെയും പല തവണ സന്ദർശിച്ചു ചർച്ച നടത്തി . തുടർന്ന് 12നു ന്യൂഡൽഹിയിൽ കേന്ദ്ര– സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗം നടന്നു.
2019–20, 2020–21 വർഷങ്ങളിൽ അനുവദിച്ചതിൽ അധികം റേഷൻ വിതരണം ചെയ്ത കണക്കുകളിൽ കേന്ദ്രം സംശയമുന്നയിച്ചു. മുൻവർഷത്തെ നീക്കിയിരുപ്പു കൂടി ഉപയോഗിച്ചതാണെന്നു സംസ്ഥാനം വിശദീകരിച്ചു. 2021–22, 2022–23 വർഷങ്ങളിൽ ടൈഡ് ഓവർ വിഹിതമായി കിലോയ്ക്ക് 8.30 രൂപ നിരക്കിൽ ലഭിച്ച റേഷൻ അരി വെള്ള കാർഡ് ഉടമകൾക്ക് 10.90 രൂപ നിരക്കിൽ നൽകിയതിലും തർക്കമുണ്ടായി.
ഇതേ അരി തന്നെയാണ് വില കുറച്ച് കിലോയ്ക്ക് 4 രൂപ നിരക്കിൽ നീല കാർഡ് അംഗങ്ങൾക്കു നൽകുന്നതെന്നു സംസ്ഥാനം ചൂണ്ടിക്കാട്ടി. നീല, വെള്ള കാർഡുകാർക്കുള്ള റേഷൻ വിതരണച്ചെലവ് പൂർണമായി സംസ്ഥാനം വഹിക്കുന്ന സാഹചര്യത്തിലാണ് ഉയർന്ന വരുമാനക്കാരായ വെള്ള കാർഡ് ഉടമകൾക്ക് നേരിയ വിലവർധന വരുത്തിയതെന്നും കേരളം അറിയിച്ചു.
Read also :എസ്എംഎസ് വഴി വിവരം നൽകും: തപാൽമാർഗം ആർസിയും ലൈസൻസും എത്തിക്കാൻ നടപടി