ഇളയരാജ ഗാനങ്ങളുടെ പകര്‍പ്പവകാശം: അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറി

ചെന്നൈ: ഇളയരാജയുടെ ഗാനങ്ങളുടെ പകര്‍പ്പവകാശം സംബന്ധിച്ച് റെക്കോഡിങ് കമ്പനി നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറി. ഹര്‍ജിയില്‍ തിങ്കളാഴ്ച വാദംകേള്‍ക്കവേ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍. സുബ്രഹ്‌മണ്യം കേസ് മറ്റൊരു ബെഞ്ചിന് ലിസ്റ്റ് ചെയ്യുന്നതിന് ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ഇളയരാജ ഈണമിട്ട 4500-ലധികം പാട്ടുകള്‍ക്ക് അദ്ദേഹത്തിന് പ്രത്യേക അവകാശം നല്‍കിയ 2019-ലെ ഏകാംഗ ബെഞ്ച് ഉത്തരവിനെതിരേ എക്കൊ റെക്കോഡിങ് കമ്പനിയാണ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. മലേഷ്യ ആസ്ഥാനമായ ആഗി മ്യൂസിക്, എക്കൊ റെക്കോഡിങ് കമ്പനി, ആന്ധ്രയിലെ യൂണിസിസ് ഇഫൊ സൊലൂഷന്‍ കമ്പനി, മുംബൈയിലെ ഗിരി ട്രേഡിങ് കമ്പനി എന്നിവര്‍ക്കെതിരായി 2014-ലെ ഇളയരാജയുടെ സിവില്‍ കേസിലായിരുന്നു കോടതി ഉത്തരവ്.

താന്‍ ഒരുക്കിയ പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച് പണം സമ്പാദിക്കുന്നതില്‍നിന്ന് കമ്പനികളെ തടയണമെന്ന് ഇളയരാജ ആവശ്യപ്പെട്ടിരുന്നു. 1957-ലെ പകര്‍പ്പവകാശ നിയമത്തിലെ 57-ാം വകുപ്പുപ്രകാരം ഭാഗികമായോ പൂര്‍ണമായോ കൈമാറിയ പാട്ടുകള്‍ക്കുമുകളില്‍ അവകാശവാദമുന്നയിക്കാന്‍ സംഗീത സംവിധായകര്‍ക്ക് കഴിയുമെന്നായിരുന്നു 2019-ല്‍ ജസ്റ്റിസ് സുമന്തിന്റെ ഏകാംഗ ബെഞ്ചിന്റെ നിരീക്ഷണം.

മാറ്റംവരുത്തുന്നതുമൂലം പാട്ടുകളില്‍ ക്ഷതമേറ്റെന്ന് സംഗീതസംവിധായകര്‍ക്ക് തോന്നുകയാണെങ്കില്‍ നഷ്ടപരിഹാരത്തിന് സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇളയരാജ സംവിധാനംചെയ്ത പാട്ടുകളുടെ പകര്‍പ്പവകാശം വിവിധ നിര്‍മാതാക്കളില്‍നിന്ന് സ്വന്തമാക്കിയ എക്കൊ റെക്കോഡിങ്ങിന് അത് ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്നും പറഞ്ഞിരുന്നു.

Read More: ഇന്നസെന്റ് എന്ന ചിരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട്: അണിയാതെ പോയ വേഷങ്ങൾ ഇനിയും ബാക്കി

Latest News