പത്തനംതിട്ട ജില്ലാ ഓഫീസിൽ യോഗത്തിനിടെ കൈയാങ്കളി : വാർത്തകൾ നിഷേധിച്ച് സി.പി.എം

പത്തനംതിട്ട : ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വാക്കുതർക്കവും കൈയേറ്റവുമുണ്ടായെന്ന വാർത്തകൾ തള്ളി സി.പി.എം നേതൃത്വം. വാർത്ത ഓരോരുത്തരുടെ ഭാവനയാണെന്ന് യോഗത്തിൽ പങ്കെടുത്ത മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഇടതുമുന്നേറ്റം ചെറുക്കാനായി യു.ഡി.എഫിനു വേണ്ടി ചമച്ചതാണ് വാർത്തയെന്ന് സി.പി.എം നേതാവ് കെ.പി ഉദയഭാനു വിമർശിച്ചു.

പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ കൈയാങ്കളി നടന്നെന്നത് അടിസ്ഥാനരഹിതമായ വാർത്തയാണെന്ന് വാസവൻ പ്രതികരിച്ചു. അതൊക്കെ ഓരോരുത്തരുടെ ഭാവനയാണ്. പത്തനംതിട്ട സി.പി.എമ്മിൽ പ്രശ്‌നമില്ലെന്നും മന്ത്രി വ്യക്തമാക്കി.

യോഗത്തിൽ തർക്കം നടന്നിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. പത്മകുമാർ പറഞ്ഞു. ഒരു തർക്കവും ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നേറ്റം ചെറുക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്ന് ഉദയഭാനു പറഞ്ഞു. യു.ഡി.എഫിനു വേണ്ടി ചമച്ച വാർത്തയാണെന്നും അദ്ദേഹം ആരോപിച്ചു.

Read more : ജനങ്ങളെ അപമാനിക്കുമ്പോൾ തോൽവി സുനിശ്ചിതം : നിർമല സീതാരാമനെ വിമർശിച്ച് എം.കെ സ്റ്റാലിൻ

കഴിഞ്ഞ ദിവസം നടന്ന സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നെന്നാണ് റിപ്പോർട്ടുണ്ടായിരുന്നത്. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പു പ്രവർത്തനം പോരെന്നു വിമർശനം ഉയർന്നതിനു പിന്നാലെയാണ് രൂക്ഷമായ തർക്കമുണ്ടായത്. രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് നേർക്കുനേർ പോരടിച്ചത്. കൂട്ടത്തിൽ മുതിർന്ന നേതാവ് സി.പി.എം നേതൃത്വത്തോട് രാജിഭീഷണി മുഴക്കുകയും ചെയ്തു.

തോമസ് ഐസകിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പു പ്രവർത്തനത്തിന്റെ പേരിലായിരുന്നു തർക്കം. ഇന്നലെ മന്ത്രി വി.എൻ വാസവൻ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണു കൈയാങ്കളിയുണ്ടായത്. ഐസകിന്റെ പ്രചാരണത്തിൽനിന്ന് ചില നേതാക്കൾ വിട്ടുനിൽക്കുന്നുവെന്നും പ്രചാരണം വേണ്ടത്ര പോരെന്നും ആറന്മുള ഭാഗത്തുനിന്നുള്ള സെക്രട്ടറിയേറ്റ് അംഗം ആരോപിച്ചു. ഇത് അടൂരിൽനിന്നുള്ള സെക്രട്ടറിയേറ്റ് അംഗം എതിർത്തു. ഇതോടെയാണു വാക്കുതർക്കത്തിലേക്കും കൈയാങ്കളിയിലേക്കും നീളുകയായിരുന്നു.