സംവിധായകന്‍ ലോകേഷ് കനകരാജും ശ്രുതി ഹാസനും പ്രണയജോടികളായെത്തുന്ന ഇനിമേല്‍ എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി. കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷ്ണലാണ് നിര്‍മാണം. കമല്‍ ഹാസനാണ് ‘ഇനിമേലി’ന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ദ്വാരകേഷ് പ്രഭാകറാണ് സംവിധാനം. ഛായാഗ്രഹണം ഭുവന്‍ ഗൗഡ നിര്‍വഹിച്ചിരിക്കുന്നു. ശ്രുതി ഹാസനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും. രണ്ട് പേര്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹത്തിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മ്യൂസിക് വീഡിയോയുടെ പ്രമേയം.
പ്രഖ്യാപനം മുതല്‍ തന്നെ വലിയ ചര്‍ച്ചയായി ഒന്നാണ് ‘ഇനിമേല്‍’. ലോകേഷ് അഭിനേതാവായെത്തുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ശ്രുതിയും ലോകേഷും മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന ചിത്രമാണ് ആദ്യം കമല്‍ ഹാസന്‍ പങ്കുവച്ചത്. കെ പോപ്പ് ആരാധകരുടെ ‘ഡെലുലു ഈസ് ദ സൊലൂലൂ’ (ഭ്രമാത്മകതയിലൂടെ പരിഹാരം കണ്ടെത്തുക) എന്ന വാക്യത്തെ പരിഷ്‌കരിച്ച് ഇനിമേല്‍ ‘ഡെലൂലൂ, ഈസ് ദ ന്യൂ സൊലൂലൂ’ എന്നതായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. ഇതുവേ റിലേഷന്‍ഷിപ്പ്, ഇതുവേ സിറ്റുവേഷന്‍ഷിപ്പ്, ഇതുവേ ഡെല്യൂഷന്‍ഷിപ്പ് എന്നീ ഹാഷ് ടാഗുകളും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.
നേരത്തെ കമല്‍ ഹാസനെ നായകനാക്കി 2022-ല്‍ വിക്രം എന്ന ചിത്രം ലോാകേഷ് ഒരുക്കിയിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ പെടുന്ന ചിത്രമായിരുന്നു ‘വിക്രം’. ബോക്സോഫീസില്‍ വലിയ വിജയം നേടിയ ചിത്രത്തില്‍ കമലിന് പുറമേ ഫഹദ് ഫാസില്‍, വിജയ് സേതുപതി, ഗായത്രി ശങ്കര്‍, ചെമ്പന്‍ വിനോദ്, നരേന്‍, കാളിദാസ് ജയറാം തുടങ്ങി ഒരു വലിയ താരനിരയാണ് പ്രത്യക്ഷപ്പെട്ടത്. സൂര്യയുടെ റോളക്സ് എന്ന കൊടുംവില്ലന്റെ അതിഥി കഥാപാത്രവും വലിയ ശ്രദ്ധനേടി. രാജ് കമല്‍ ഫിലിംസ് നിര്‍മിച്ച ‘വിക്രം’ 600 കോടിയാണ് ബോക്സ് ഓഫീസില്‍നിന്ന് നേടിയത്.