അബുദാബി ∙ പൊതുജനാരോഗ്യത്തെ ബാധിക്കും വിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 8 റസ്റ്ററന്റുകൾ രണ്ടര മാസത്തിനിടെ അടച്ചുപൂട്ടിയതായി അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലെ സ്ഥാപനങ്ങളാണ് അടപ്പിച്ചത്. ഭക്ഷ്യോൽപന്നങ്ങൾ വിതരണം ചെയ്യുന്ന 2 സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽക്കുക, ശീതീകരിച്ച വസ്തുക്കൾ അശാസ്ത്രീയമായി സൂക്ഷിക്കുക, ഫ്രഷ് ഇറച്ചിയാണെന്ന വ്യാജേന ഫ്രോസൻ കോഴിയിറച്ചി വിൽക്കുക, വ്യാപാര നാമമില്ലാത്ത വസ്തുക്കൾ വിൽക്കുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ശുചിത്വമില്ലായ്മയും പ്രാണികളുടെയും എലികളുടെയും സാന്നിധ്യവുമാണ് റസ്റ്ററന്റുകൾ പൂട്ടുന്നതിലേക്കു നയിച്ചത്. മുന്നറിയിപ്പു നൽകിയിട്ടും നിയമലംഘനം ആവർത്തിച്ചതിനാലാണ് റസ്റ്ററന്റുകൾ അടച്ചുപൂട്ടിയത്. നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 800 555 ടോൾഫ്രീ നമ്പറിൽ അറിയിക്കണമെന്നും അഭ്യർഥിച്ചു.